

റിയാദ്: പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ വാഹനമോടിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്ന് സൗദി അറേബ്യ. ഇത് സംബന്ധിച്ച് ട്രാഫിക് നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് സർക്കാർ അംഗീകാരം നൽകി. കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക എന്ന് അധികൃതർ അറിയിച്ചു.
ഇങ്ങനെ നാടുകടത്തുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ആജീവനാന്ത വിലക്കും ഏർപ്പെടുത്തും. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, നീതിന്യായ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുടെ സഹകരണത്തോടെ ആണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ആവർത്തിച്ച് നിയമലംഘനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത നടപടികളും ശിക്ഷകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതു ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഒരു വർഷത്തിനുള്ളിൽ രണ്ട് തവണ വാഹനമോടിച്ചതായി കണ്ടെത്തിയാൽ പരമാവധി പിഴ ചുമത്തും. മൂന്നാം തവണ പിടിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ ഇരട്ട പിഴയോ ലഭിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. പൊതു ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും മികച്ച ട്രാഫിക് സംസ്‍കാരം സൃഷ്ടിക്കാനുമാണ് പുതിയ നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ സൗദിയിൽ ആംബുലൻസ്, അഗ്നിശമന വിഭാഗം അടക്കമുള്ള അടിയന്തര വാഹനങ്ങളെ പിന്തുടരുന്നത് പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിരിക്കുന്നു. 500 മുതൽ 900 റിയാൽ വരെ പിഴ ചുമത്താവുന്ന ഒരു ഗതാഗത ലംഘനവുമാണിത് എന്നും ഡ്രൈവർമാർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
