റിയാദ്: വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് പിഴയും വിലക്കും ഏർപ്പെടുത്തുമെന്ന് സൗദി. ഇത് സംബന്ധിച്ച പുതിയ നിയമം പാസാക്കിയതായി മാനവശേഷി-സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. തൊഴിലുടമയും ഗാർഹിക തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിലുടമ വിട്ടുജോലിക്കാരുടെ അവകാശങ്ങൾ ലംഘിച്ചാൽ 20,000 റിയാൽ വരെ പിഴയും മൂന്ന് വർഷത്തേക്ക് റിക്രൂട്ട്മെന്റ് വിലക്കും ഏർപ്പെടുത്തും. ചില സന്ദർഭങ്ങളിൽ അജീവനാന്ത വിലക്കും ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ശിക്ഷ ഇരട്ടിയാക്കും എന്നും പുതിയ നിയമത്തിൽ പറയുന്നു.
കരാർ പ്രകാരമുള്ള നിയമങ്ങൾ ലംഘിക്കുന്ന ഗാർഹിക തൊഴിലാളിക്കും പിഴ ശിക്ഷ ഏർപ്പെടുത്തും. 2000 റിയാൽ വരെ പിഴയോ ജോലി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായ വിലക്കോ ആയിരിക്കും തൊഴിലാളി നേരിടേണ്ടി വരിക. നാട്ടിലേക്ക് തിരിച്ചുപോകാനുള്ള ചെലവുകളും തൊഴിലാളി സ്വയം വഹിക്കേണ്ടിവരും.
സൗദിയിലെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. 5000 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴയും ആറുമാസംവരെ തടവും നിയമലംഘനങ്ങൾക്ക് ശിക്ഷയായി ലഭിക്കും.
തൊഴിലിടങ്ങളിൽ വിവേചനം ഉണ്ടാകാതിരിക്കാനും അവകാശങ്ങളും കടമകളും സംരക്ഷിക്കാനായി തൊഴിലുടമയും തൊഴിലാളിയും നിയമങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates