

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ എല്ലായിടത്തും ജൂലൈ ഒന്ന് മുതല്‍ അര്‍ധരാത്രി 12 വരെ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും. ഷാര്‍ജ സിറ്റി, കല്‍ബ, ഖോര്‍ഫുക്കാന്‍, ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാര്‍ക്കിങ് മേഖലകളിലും ഇത് ബാധകമായിരിക്കും.
നേരത്തേ നീലബോര്‍ഡ് സ്ഥാപിച്ച് പ്രത്യേകം രേഖപ്പെടുത്തിയ സ്ഥലത്ത് മാത്രമാണ് രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ പാര്‍ക്കിങ് ഫീസ് ഈടാക്കിയിരുന്നത്. മറ്റിടങ്ങളില്‍ രാത്രി പത്ത് വരെയാണ് വാഹനം നിര്‍ത്തിയിടാന്‍ പണം നല്‍കേണ്ടിയിരുന്നത്. എമിറേറ്റിലെ മുഴുവന്‍ സ്ഥലങ്ങളിലെയും പാര്‍ക്കിങ് ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ട സമയം ദീര്‍ഘിപ്പിക്കുന്നതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.
താമസ സ്ഥലങ്ങള്‍ക്ക് സമീപത്തെ പൊതുപാര്‍ക്കിങുകളില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്ക് ഇനി മുതല്‍ രണ്ട് മണിക്കൂര്‍ അധികം ഫീസ് നല്‍കേണ്ടിവരും. വ്യത്യസ്ത സമയങ്ങളുണ്ടായിരുന്ന മഞ്ഞ, നീല നിറങ്ങളിലുള്ള പാര്‍ക്കിങ് മേഖലകളെ ഒരേ സമയക്രമത്തിലേക്ക് (രാവിലെ 8 മുതല്‍ അര്‍ധരാത്രി 12 വരെ) ഏകീകരിച്ചു. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് സൗജന്യമായി തുടരും. എന്നാല്‍ അവധി ദിനങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ട സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കില്ല.. പാര്‍ക്കിങ് സമയം നീട്ടിയെങ്കിലും സീസണല്‍ പാര്‍ക്കിങ് പെര്‍മിറ്റുകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടില്ല.
നഗരത്തില്‍ വര്‍ധിച്ചുവരുന്ന ജനസാന്ദ്രത, ടൂറിസം മേഖലയിലെ വളര്‍ച്ച, വാണിജ്യ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണു പാര്‍ക്കിങ് സമയം നീട്ടിയതെന്നു പബ്ലിക് പാര്‍ക്കിങ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ ഖായിദ് വ്യക്തമാക്കി. പുതിയ മാറ്റം ഷാര്‍ജയില്‍ താമസിക്കുന്നവരുടെ ദൈനംദിന ചെലവിനെ ബാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates