ഷാർജ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും എമിറേറ്റിലെ ഹൈവേകളിലും നഗരങ്ങളിലെ തെരുവുകളിലും വാഹനം ഓടിക്കുന്നവരുടെ അച്ചടക്കം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ നീക്കവുമായി ഷാർജ പൊലിസ്.
ഇതിനായി പുതുതായി രൂപകൽപ്പന ചെയ്ത് സ്മാർട്ട് റഡാർ സംവിധാനമായ "റേസ്ഡ്" ഷാർജ പൊലിസ് പുറത്തിറക്കി.
പൊലിസ് സേനയയുടെ ട്രാഫിക് ഇന്നൊവേഷൻ ലാബ് വികസിപ്പിച്ചെടുത്ത "റേസ്ഡ്" , ഡ്രൈവിങ് പെരുമാറ്റം തത്സമയം നിരീക്ഷിക്കുന്നതിന് ഉയർന്ന റെസല്യൂഷൻ ക്യാമറകളും നൂതന അനലിറ്റിക്സും ഉപയോഗിക്കുന്നു.
ലൈൻ ഡ്രിഫ്റ്റിങ്, നിയമവിരുദ്ധമായി വാഹനങ്ങൾ വളയ്ക്കുക, അശ്രദ്ധമായ ഓവർടേക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾ - പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന ലംഘനങ്ങൾ - തടയുന്നതിനാണ് പുതിയ സംവിധാനം.
വാഹനം ഓടിക്കുന്നവർ ഏതെങ്കിലും റോഡ് നിയമം ലംഘിച്ചാൽ ഈ സ്മാർട്ട് റഡാർ സംവിധാനം അത് സ്വയമേവ കണ്ടെത്തും. മാത്രമല്ല നിയമലംഘകർക്ക് ഉടനടി പിഴ ചുമത്തുകയും ചെയ്യും.
സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ റോഡുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് ഷാർജ പൊലിസ് പറഞ്ഞു.
"ഡ്രൈവർമാർ ലൈനുകൾ അവഗണിക്കുകയോ പെട്ടെന്ന് തെറ്റായ തിരിവുകൾ എടുക്കുകയോ ചെയ്യുന്നത് പോലുള്ള നിയമലംഘനങ്ങൾ ഞങ്ങൾ പലപ്പോഴും കാണാറുണ്ട്, ഈ പെരുമാറ്റങ്ങൾ ദൗർഭാഗ്യകരമായ അപകടങ്ങൾക്ക് കാരണമാകുന്നു," ഷാർജ പൊലിസ് വക്താവ് പറഞ്ഞു.
"ഇന്ന് മുതൽ, യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടമുണ്ടാകില്ല. പിഴ ചുമത്തുകയല്ല, മറിച്ച് ജീവൻ സംരക്ഷിക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം." ഷാർജ പൊലിസ് വ്യക്തമാക്കി.
ഷാർജയിലെ റോഡുകളിൽ റഡാർ വിന്യാസത്തിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് മൂന്ന് ഘട്ടങ്ങളായുള്ള ഗവേഷണ-പരീക്ഷണങ്ങളിലൂടെയാണ് "റേസ്ഡ്" വികസിപ്പിച്ചെടുത്തത്.
തിരക്കേറിയ സമയങ്ങളിൽ സുഗമമായ ഗതാഗതം, ലൈൻ മാറ്റ ലംഘനങ്ങൾ എന്നിവയിൽ വന്ന കുറവ് എന്നിവ ഉൾപ്പെടെ ആദ്യകാല പരീക്ഷണങ്ങളിൽ ശ്രദ്ധേയമായ ഫലങ്ങൾ കാണിച്ചതായി ഷാർജ പൊലിസ് പറഞ്ഞു.
“ "റേസ്ഡ്" എന്നത് നിയന്ത്രിക്കാനും ഓർഗനൈസ് ചെയ്യാനും സംരക്ഷിക്കാനും നിർമ്മിച്ച ഒരു സംവിധാനമാണ്,” പൊലിസ് വക്താവ് പറഞ്ഞു. “നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ദൗത്യം, കാരണം സുരക്ഷ ആരംഭിക്കുന്നത് നിങ്ങളുടെ പ്രതിജ്ഞാബദ്ധതയിൽ നിന്നാണ്.” അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates