റിയാദ്: സൗദി അറേബ്യയിൽ നിന്ന് നമ്മൾ വാങ്ങുന്ന സാധങ്ങൾക്ക് 15% വാറ്റ് (വാല്യൂ ആഡഡ് ടാക്സ്)ആണ് ഈടാക്കുന്നത്. ഈ തുക തിരിച്ചു ലഭിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. സൗദി ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ബ്ലൂ എന്ന കമ്പനി വഴിയാണ് ഈ പണം തിരികെ ലഭിക്കുന്നത്.
18 വയസ്സ് പൂർത്തിയായ വിദേശ ടൂറിസ്റ്റുകൾ, സൗദി പൗരത്വം ഇല്ലാത്ത ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഈ റീഫണ്ട് സേവനം പ്രയോജനപ്പെടുത്താൻ കഴിയുക.
സർക്കാർ അംഗികൃത കടകളിൽ നിന്ന് 500 റിയാലിൽ കൂടുതലുള്ള സാധനങ്ങൾ വാങ്ങുന്നവർക്ക് ആണ് വാറ്റ് റീഫണ്ട് ലഭിക്കുക. ഇതിനായി ചില നിബന്ധനകൾ ഉണ്ട്.
'ടാക്സ് ഫ്രീ ഷോപ്പിംഗ്' അല്ലെങ്കിൽ 'വാറ്റ് റീഫണ്ട് ലഭ്യമാണ്' എന്ന ബോർഡുകൾ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ സാധങ്ങൾ വാങ്ങാൻ പാടുള്ളു. ഒരൊറ്റ ബില്ലിൽ ആയിരിക്കണം 500 റിയാലിന്റെ സാധനങ്ങൾ വാങ്ങേണ്ടത്. നമ്മൾ വാങ്ങുന്ന സാധനങ്ങൾ വ്യക്തിപരമായ ഉപയോഗത്തിനുള്ളത് ആകണം.
വാണിജ്യപരമായ ഉപയോഗത്തിനോ വിൽക്കാനോ ആണ് സാധങ്ങൾ വാങ്ങുന്നത് എങ്കിൽ റീഫണ്ട് ലഭിക്കില്ല. ബിൽ തയ്യാറാക്കും മുൻപി റീഫണ്ട് സംബന്ധിച്ച കാര്യങ്ങൾ ജീവനക്കാരോട് ചോദിച്ചു മനസിലാക്കുക. കടയിൽ നിന്ന് തന്നെ വാറ്റ് റീഫണ്ട് ഫോം വാങ്ങി ബന്ധപ്പെട്ട വിവരങ്ങൾ പൂരിപ്പിച്ചു കയ്യിൽ സൂക്ഷിക്കണം.
മടക്ക യാത്രയ്ക്കായി സൗദി അറേബ്യയയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ അവിടെ ഗ്ലോബൽ ബ്ലൂ വെരിഫിക്കേഷൻ പോയിന്റ് ഉണ്ടാകും. ഇവിടെ റീഫണ്ട് ഫോം, പാസ്പോർട്ട്, ബോർഡിംഗ് പാസ്, ബില്ലുകൾ എന്നിവ നൽകണം. നമ്മൾ നൽകിയ വിവരങ്ങളും സാധനങ്ങളും കൃത്യമാണോ എന്ന് അധികൃതർ ഉറപ്പ് വരുത്തും. തുടർന്ന് ഗ്ലോബൽ ബ്ലൂ റീഫണ്ട് കൗണ്ടർ വഴി നമ്മൾ വാറ്റ് ആയി അടച്ച പണം തിരികെ ലഭിക്കും.
ഒരു ദിവസം 5,000 റിയാൽ വരെ പണമായി ലഭിക്കുകയുള്ളു. അതിൽ കൂടുതലാണ് തുക എങ്കിൽ നമ്മുടെ ബാങ്കിലേക്ക് ബാക്കി പണം അവർ നിക്ഷേപിക്കും.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ഗ്ലോബൽ ബ്ലൂ വെരിഫിക്കേഷൻ പോയിന്റുകൾ നിലവിലുണ്ട്. ഒരു ഷോപ്പിംഗ് ഹബ്ബായി സൗദി അറേബ്യയെ മാറ്റുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
