റിയാദ്: ഡെലിവറി സേവനങ്ങൾക്കായി ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിച്ച് സൗദി പൊതുഗതാഗത മന്ത്രാലയം. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സൗദിയുടെ 'വിഷൻ 2030' എന്ന പദ്ധതിയുടെ ഭാഗമായി ആണ് പുതിയ പരീക്ഷണം. ഗതാഗത മന്ത്രാലയത്തിന്റെ ഉപമന്ത്രി റുമൈഹ് അൽറുമൈഹാണ് റിയാദ് എയർപ്പോർട്ട് റോഡിലെ റോഷൻ ഫ്രൻറി ബിസിനസ് സെൻററിൽ നടന്ന പരീക്ഷണ ഓട്ടം ഉത്‌ഘാടനം ചെയ്‌തത്.
ഓൺലൈൻ ഭക്ഷ്യ ഡെലിവറി രംഗത്തെ മുൻ നിര കമ്പനിയായ ജാഹെസ് ഇന്റർനാഷണലും റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ റോഷൻ ഗ്രൂപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആണ് ഈ ഡെലിവറി സംവിധാനം അവതരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷണം വിജയകരമായാൽ ഉടൻ തന്നെ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ച് ഡെലിവറി ചെയ്യാൻ ആരംഭിക്കും. ഇതിലൂടെ ജനങ്ങൾക്ക് അതിവേഗം സേവനം ലഭ്യമാക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച റിയാദിൽ സ്വയം ഡ്രൈവ് ചെയ്യുന്ന ടാക്സി വാഹനങ്ങൾ സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡെലിവറി മേഖലയിലും ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ചു സൗദി പരീക്ഷണം നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates