ദുബൈ: ഇറാനിൽ നിന്നുള്ള 'യുറാനസ് സ്റ്റാർ' കുപ്പിവെള്ളമോ ബ്രാൻഡിൽ നിന്നുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങളോ ഇറക്കുമതി ചെയ്യുന്നതിനോ വ്യാപാരം ചെയ്യുന്നതിനോ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) അറിയിച്ചു.
യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിന്റെ ഉപഭോഗത്തെയും വിതരണത്തെയും കുറിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'യുറാനസ് സ്റ്റാർ' കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ട് പേർ അടുത്തിടെ മരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്. സെപ്റ്റംബർ 29 ന് ഒമാനിലുണ്ടായിരുന്ന ഒരു പ്രവാസി സ്ത്രീ മരിച്ചു, ഒക്ടോബർ 1 ന് ഒരു ഒമാനി സ്വദേശിയും മരണമടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് യുഎഇ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
പ്രാദേശിക വിപണി സംഭവവികാസങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, പ്രത്യേകിച്ച് അയൽരാജ്യത്ത് ഇതേ ഉൽപ്പന്നത്തിൽ ദോഷകരമായ വസ്തുക്കളാൽ മലിനീകരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ, സ്ഥിരീകരണത്തിനുള്ള അടിയന്തര നടപടികൾ സജീവമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഓരോ എമിറേറ്റിലെയും എല്ലാ പ്രാദേശിക ഭക്ഷ്യ സുരക്ഷാ അധികാരികളുമായും നേരിട്ടുള്ള ഏകോപനം ഈ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു.
യുറാനസ് സ്റ്റാർ ബ്രാൻഡിന്റെ ഇറക്കുമതിക്ക് പെർമിറ്റുകളോ അംഗീകാരങ്ങളോ നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നടപടിക്രമങ്ങളും മേൽനോട്ടവും ശക്തമാക്കിയിട്ടുണ്ട്.
ഈ ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. പ്രചാരത്തിലുള്ള എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഈ മേഖലയിൽ മികച്ച അന്താരാഷ്ട്ര രീതികൾ പ്രയോഗിക്കുന്നതിനും സംയോജിത നിയന്ത്രണ സംവിധാനം തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും യു എഇ അറിയിച്ചു.
ഒമാനിൽ രണ്ട് മരണങ്ങൾ സംഭവിച്ചതിനെ തുടർന്ന് ഒമാനി അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ഉൽപ്പന്നം തിരിച്ചുവിളിക്കുകയും ചെയ്തു. ലബോറട്ടറി പരിശോധനയിൽ 'യുറാനസ് സ്റ്റാർ' കുപ്പിവെള്ളത്തിൽ "ആംഫെറ്റാമൈൻ" അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് അവിടെ നടപടി ശക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates