

ദുബൈ: വേനൽക്കാല അവധിക്ക് ശേഷം യു എ ഇയിലെ 2025–2026 അധ്യയന വർഷം ഓഗസ്റ്റ് 25 തുടങ്ങും.വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതുവിദ്യാലയങ്ങളിലും സ്വകാര്യവിദ്യാലയങ്ങളിലുമാണ് 25 ന് തുറക്കുന്നത്. യുഎഇയിലെ വിദ്യാർത്ഥികൾക്ക് വരാനിരിക്കുന്ന 2025–26 അധ്യയന വർഷത്തിൽ 135 ദിവസത്തെ അവധി ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സ്കൂൾ കലണ്ടർ വ്യക്തമാക്കുന്നു.
ഔദ്യോഗിക കലണ്ടർ പ്രകാരം അധ്യയന വർഷം 313 ദിവസമാണ്. അതിൽ 178 അധ്യയന ദിവസങ്ങൾ ഉണ്ടാകും. അത് അക്കാദമിക് വർഷത്തിന്റെ ഏകദേശം 57 ശതമാനം വരും, ബാക്കി 43 ശതമാനം വാരാന്ത്യങ്ങൾ, പൊതു അവധി ദിവസങ്ങൾ, ടേം ബ്രേക്കുകൾ എന്നിവയായിരിക്കും. 178 അധ്യയന ദിവസങ്ങൾ ഉൾപ്പെടുന്നതിൽ ആദ്യ ടേമിൽ 67, രണ്ടാം ടേമിൽ 47, മൂന്നാം ടേമിൽ 64. എന്നിങ്ങനെയാകും ക്ലാസുകൾ നടക്കുക.
പുതിയ അധ്യയന കലണ്ടർ പ്രകാരം, വിദ്യാർത്ഥികൾക്ക് 68 വാരാന്ത്യ ദിനങ്ങൾ, നാല് പൊതു അവധി ദിവസങ്ങൾ, ഒന്നാം സെമസ്റ്ററിലെ മിഡ്‌ടേം ഇടവേളയിൽ ഏഴ് ദിവസത്തെ അവധി, 30 ദിവസത്തെ ശൈത്യകാല അവധി, രണ്ടാം സെമസ്റ്റർ മിഡ്‌ടേമിൽ അഞ്ച് ദിവസത്തെ അവധി, 14 ദിവസത്തെ വസന്തകാല അവധി, മൂന്നാം സെമസ്റ്ററിന്റെ മിഡ്‌ടേമിൽ ഏഴ് ദിവസത്തെ അവധി എന്നിവ ലഭിക്കും.
വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനോടൊപ്പം വിശാലമായ സമൂഹ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുമായാണ് പുതിയ കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സാംസ്കാരിക, ടൂറിസം സംഘടനകൾക്ക് സ്കൂൾ ഇടവേളകളുമായി ചേർന്ന് അവരുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ദേശീയ സ്കൂൾ കലണ്ടർ സഹായിക്കുമെന്നും ഇത് വിദ്യാഭ്യാസവും സമൂഹവും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
