ദുബൈ: യുഎഇയിൽ മദ്യപിച്ച് വാഹനമോടിച്ചാൽ കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടി വരും. യുഎഇയിലെ പുതുക്കിയ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘനം ആവർത്തിക്കുന്നവർക്ക് കനത്ത പിഴ, ജയിൽ ശിക്ഷ, ലൈസൻസ് സസ്‌പെൻഷൻ അല്ലെങ്കിൽ റദ്ദാക്കൽ എന്നിവ വരെ ശിക്ഷ ലഭിക്കും.
നിലവിൽ പ്രാബല്യത്തിൽ വന്ന ട്രാഫിക് നിയന്ത്രണത്തെക്കുറിച്ചുള്ള 2024 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14 അനുസരിച്ചാണ് ശിക്ഷ. മദ്യം, ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നവർക്കുള്ള കർശനമായ ശിക്ഷകൾ ഇതിൽ വ്യക്തമാക്കുന്നു.
ആർട്ടിക്കിൾ 35 ലെ ക്ലോസ് (1) മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പ്രത്യേക ശിക്ഷകൾ വിശദീകരിക്കുന്നു.
മദ്യപിച്ച് വാഹനമോടിക്കുകയോ റോഡിൽ വാഹനമോടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും തടവും പിഴയും ഒന്നിച്ചോ അതിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കാം. പിഴ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെയാകാം.
മദ്യപിച്ച് വാഹനമോടിച്ചാൽ തടവും പിഴയും മാത്രമല്ല, നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന് മേലും നടപടി ഉണ്ടാകും.
• ആദ്യത്തെ കുറ്റത്തിന് - കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ.
• രണ്ടാമത്തെ കുറ്റത്തിന് (ആദ്യത്തെ തെറ്റ് ആവർത്തിക്കുമ്പോൾ) - ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ.
• മൂന്നാമത്തെ കുറ്റത്തിന് (വീണ്ടും തെറ്റ് ആവർത്തിക്കുമ്പോൾ) - ലൈസൻസ് റദ്ദാക്കൽ.
ആർട്ടിക്കിൾ 35ലെ ക്ലോസ് (2) ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നവർക്ക് ലഭിക്കുന്ന ശിക്ഷകൾ പ്രത്യേകം വിശദീകരിക്കുന്നു.
ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെയോ സമാനമായ വസ്തുക്കളുടെയോ സ്വാധീനത്തിൽ റോഡിൽ വാഹനമോടിക്കുകയോ വാഹനമോടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും തടവും പിഴയും ഒന്നിച്ചോ അതിലേതെങ്കിലും ഒന്നോ ലഭിക്കാം. ഇതിനുള്ള പിഴ 30,000 ദിർഹം മുതൽ 200,000 ദിർഹം വരെയാകാം.
ലഹരി മരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ തടവും പിഴയും മാത്രമല്ല, നിങ്ങളുടെ ഡ്രൈവിങ് ലൈസൻസിന് മേലും നടപടി ഉണ്ടാകും
• ആദ്യത്തെ കുറ്റത്തിന് - ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ.
•രണ്ടാമത്തെ കുറ്റത്തിന് (ആദ്യത്തെ തെറ്റ് ആവർത്തിക്കുന്നതിന്) - ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഷൻ.
• മൂന്നാമത്തെ കുറ്റത്തിന് ( തെറ്റ് വീണ്ടും ആവർത്തിച്ചാൽ) - ലൈസൻസ് റദ്ദാക്കൽ.
പുതിയ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 36 അനുസരിച്ച്, സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാൽ മൂന്ന് മാസം തടവും 10,000 ദിർഹം പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും.
നിയമത്തിലെ ആർട്ടിക്കിൾ 40 അനുസരിച്ച്, മദ്യപിച്ചോ ഏതെങ്കിലും ലഹരി മരുന്നിന്റെയോ സൈക്കോട്രോപിക് പദാർത്ഥത്തിന്റെയോ സ്വാധീനത്തിലോ വാഹനമോടിച്ചതിന്റെ ഫലമായി ഒരു വ്യക്തിയുടെ മരണത്തിന് വാഹന ഡ്രൈവർ കാരണക്കാരനായി കണ്ടെത്തിയാൽ, 100,000 ദിർഹത്തിൽ കുറയാത്ത പിഴയും/അല്ലെങ്കിൽ ഒരു വർഷത്തിൽ കുറയാത്ത തടവും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates