ഇറാനും യു എസ്സും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി യുഎഇ. നേരത്തെ സൗദി അറേബ്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഇറാൻ - യു എസ് ബന്ധം. ഈ സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നടപടിക്ക് തങ്ങളുടെ പ്രദേശങ്ങളൊന്നും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനെതിരായ ഒരു സൈനിക നടപടിയിലും തങ്ങളുടെ വ്യോമാതിർത്തിയോ, കരപ്രദേശമോ, ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം വിശദമായി പറഞ്ഞു.
സമീപ കാലത്ത് പുറത്തു വന്ന റിപ്പോർട്ടകളെ നിഷേധിക്കുന്നതാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നിലപാട്. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാനെതിരായ ആക്രമണത്തിന് എമിറേറ്റ്സ് ഒരു തരത്തിലുള്ള ലോജിസ്റ്റിക്കൽ പിന്തുണയും നൽകില്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള യുഎഇയുടെ സമീപനത്തെ വിദേശകാര്യമന്ത്രാലയം എടുത്തുപറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക, സംഘർഷം രൂക്ഷമാകുന്നത് കുറയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുക, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നിവയാണ് നിലവിലെ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ഏറ്റവും നല്ല അടിത്തറയെന്ന് യുഎഇ വ്യക്തമാക്കി.
ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ ഒരാഴ്ച മുമ്പ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates