നെഹ്രുവിന് ശേഷം മോദി; കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; മുഖ്യമന്ത്രിമാരുടെ ജയില്‍വാസം; സംഭവ ബഹുലം 2024

കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയം പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
2024: A Year Of Defining Political Developments In India
ഇന്ത്യന്‍ രാഷ്ട്രീയം- 2024
Updated on
4 min read

നെഹ്രുവിന് ശേഷം ആദ്യമായി ഹാട്രിക് വിജയം സ്വന്തമാക്കി ഇന്ത്യയുടെ അധികാര പദത്തില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി. പതിറ്റാണ്ടിന് ശേഷം ഇന്ത്യക്ക് പ്രതിപക്ഷ നേതാവ്. കൈവിട്ട അമേഠി മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. പത്തുവര്‍ഷത്തിന് ശേഷം ജമ്മുവില്‍ ജനാധിപത്യത്തിന്റെ ഉത്സവം തിരിച്ചെത്തിയ വര്‍ഷം. അഴിമതി ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ ജയില്‍വാസം അനുഭവിച്ച കാലം... രാഷ്ട്രീയരംഗത്ത് സംഭവ ബഹുലമായിരുന്നു 2024. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയം പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

ലോക്സഭാ തെരഞ്ഞെടുപ്പ്

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു 2024-ലേത്. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് അവസാനിച്ചു. കേരളം ഉള്‍പ്പടെ ചിലയിടങ്ങളില്‍ ഒറ്റഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴു ഘട്ടങ്ങളിലായി ജനങ്ങള്‍ വിധിയെഴുതി. 44 ദിവസം നീണ്ട വോട്ടെടുപ്പ് ഫലം ജൂണ്‍ നാലിന്. വോട്ടര്‍പട്ടികയിലുണ്ടായിരുന്നത് 96.8 കോടി സമ്മതിദായകര്‍. വോട്ടവകാശം വിനിയോഗിച്ചത് 64.2 കോടി പേര്‍. ഏറ്റവും വനിതാ വോട്ടര്‍ പങ്കാളികളായ പൊതുതിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കൂകൂട്ടല്‍. എന്നാല്‍ ജനഹിതം അതല്ലെന്ന് തെളിയിക്കുന്നതായിരുന്നു വോട്ടെടുപ്പ് ഫലം. വീണ്ടും കുട്ടുകക്ഷി ഭരണത്തിന് വേദിയായി. കേവല ഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റ് ആര്‍ക്കും ലഭിച്ചില്ല. 240 സീറ്റ് നേടിയ ബിജെപി വലിയ ഒറ്റകക്ഷിയായി. 290 പേരുടെ പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തില്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യാ സഖ്യം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പിന്തുണയോടെയുമാണ് മോദി വീണ്ടും പ്രധാനമന്ത്രിക്കസേര ഉറപ്പിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രതിപക്ഷമായ 'ഇന്ത്യ' മുന്നണി നേതാക്കള്‍ ഒന്നടങ്കം സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.

PM Modi  Take Oath For Third Time
'ഞാന്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദി...' മൂന്നാം വട്ടവും പ്രധാനമന്ത്രിക്കസേരയില്‍പിടിഐ

കോണ്‍ഗ്രസ് തിരിച്ചുവരവ്

അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങള്‍ അപ്രസക്തരല്ലെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. 2019ല്‍ 52 സീറ്റു മാത്രംനേടി തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണ 99 സീറ്റ് ലഭിച്ചു. പത്ത് വര്‍ഷത്തിന് ശേഷം രാജ്യത്ത് ഔദ്യോഗികമായി പ്രതിപക്ഷ നേതാവ് വരികയും ചെയ്തു. രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ടുസീറ്റുകളിലും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. വയനാട്ടില്‍ നിന്ന് രണ്ടാം തവണയും സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായ്ബറേലിയിലും ജനവിധി തേടിയ രാഹുല്‍ഗാന്ധിക്ക് രണ്ടിടത്തും മികച്ച ജയം നേടാനായി.

റായ്ബറേലി എംപിയായി തുടരാന്‍ തീരുമാനിച്ചതോടെ രാഹുല്‍ വയനാട് എംപി സ്ഥാനം രാജിവച്ചു. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ അരങ്ങേറ്റത്തിനും 2024 സാക്ഷിയായി. നവംബര്‍ 13ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രിയങ്കയുടെ കന്നിവിജയം. സോണിയക്കും രാഹുലിനുമൊപ്പം പ്രിയങ്കയും പാര്‍ലമെന്റില്‍ എത്തിയ വര്‍ഷം കൂടിയായി 2024.

PRIYANKA GANDHI
പ്രിയങ്ക ഗാന്ധിഎഎന്‍ഐ

ഉഗ്രപ്രതാപിയായി നാരാ ചന്ദ്രബാബു നായിഡു

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ അധികാരത്തിലുണ്ടായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. 175 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടി ഉഗ്രപ്രതാപിയായി നാരാ ചന്ദ്രബാബു നായിഡു തിരിച്ചെത്തി. 2019-ല്‍ ജഗന്‍ അനുകൂല തരംഗമായിരുന്നെങ്കില്‍ ഇത്തവണ നായിഡു സഖ്യം തൂത്തുവാരി.

സംസ്ഥാനത്തെ 175 നിയമസഭാസീറ്റില്‍ 134 എണ്ണം നേടി തെലുഗുദേശം പാര്‍ട്ടി വന്‍ തിരിച്ചുവരവ് നടത്തി. അധികാരത്തില്‍ തിരിച്ചെത്തിയിട്ടേ ഇനി നിയമസഭയില്‍ കാലുകുത്തൂ എന്ന ഉഗ്രശപഥത്തോടെ 2021 നവംബറില്‍ സഭ വിട്ടിറങ്ങിയ തെലുഗുദേശം പാര്‍ട്ടി പ്രസിഡന്റും അന്നത്തെ പ്രതിപക്ഷ നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു 2024 ജൂണ്‍ ഒമ്പതിന് മുഖ്യമന്ത്രിയായി അധികാരമേറ്റു.

loksabha speaker
ചന്ദ്രബാബു നായിഡു, നരേന്ദ്രമോദി ഫയൽ

പട്‌നായിക്ക് വീണു

കാല്‍നൂറ്റാണ്ടായി തുടരുന്ന ഒഡീഷയിലെ ഭരണം അവസാനിപ്പിച്ച് അമ്പരപ്പിക്കുന്ന വിജയമാണ് ബിജെപി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 147 സീറ്റുള്ള സംസ്ഥാനത്ത് 78 സീറ്റു നേടിയാണ് ബിജെപി അധികാരത്തിലേറിയത്. നവീന്‍ പട്‌നായിക്കിന്റെ ബിജെഡിക്ക് ലഭിച്ചത് 51 സീറ്റ് മാത്രം. കോണ്‍ഗ്രസിന് 14 സീറ്റ് ലഭിച്ചു. സിപിഎമ്മിന് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് മൂന്ന് സീറ്റും ലഭിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളില്‍ ഒരിടത്തു പരാജയപ്പെടുകയും ചെയ്തു. 2019ല്‍ ബിജെഡി 112 സീറ്റ് നേടിയാണ് ഭരണം പിടിച്ചത്.

ജമ്മുവില്‍ ജനാധിപത്യത്തിന്റെ ഉത്സവം

ജമ്മു കശ്മീരില്‍ ചരിത്രപരമായ തെരഞ്ഞെടുപ്പാണ് 2024-ല്‍ നടന്നത്. പത്ത് വര്‍ഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മികച്ച പ്രകടനത്തോടെ 90-ല്‍ 49 സീറ്റ് നേടി ഭരണത്തിലേറി. 42സീറ്റുനേടിയ നാഷണല്‍ കോണ്‍ഫറന്‍സിനൊപ്പം സഖ്യകക്ഷികളായ കോണ്‍ഗ്രസ് ആറുസീറ്റും സിപിഎം ഒരു സീറ്റും നേടി. ബിജെപി ഒറ്റയ്ക്കു മത്സരിച്ച് 29 സീറ്റ് നേടി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ രാഹുലും പ്രിയങ്കയും ഒമര്‍ അബ്ദുള്ളയ്‌ക്കൊപ്പം
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ രാഹുലും പ്രിയങ്കയും ഒമര്‍ അബ്ദുള്ളയ്‌ക്കൊപ്പം എക്‌സ്‌

ഹരിയാനയില്‍ ചരിത്രവിജം

ഹരിയാനയില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ അപ്രസക്തമാക്കി ചരിത്രവിജയം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഭരണവിരുദ്ധവികാരമടക്കം ഒട്ടേറെ അനുകൂലഘടകങ്ങളുണ്ടായിട്ടും കോണ്‍ഗ്രസിന് അത് ഉപയോഗപ്പെടുത്താനായില്ല. 90 സീറ്റില്‍ 48-ഉം നേടി ബിജെപി സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയത്. കോണ്‍ഗ്രസിന് 37 സീറ്റുകള്‍ ലഭിച്ചു. നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.

തകര്‍ന്നടിഞ്ഞ് മഹാവികാസ് അഘാഡി സഖ്യം

പ്രവചനങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന്റെ വിജയം. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തോടെ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നാവിസ് തിരിച്ചെത്തി. 288 അംഗ സഭയില്‍ 235 സീറ്റ് നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിര്‍ത്തിയത്. 132 സീറ്റുനേടി ബിജെപി വലിയ ഒറ്റക്കക്ഷിയായി. ഏക്‌നാഥ് ഷിന്‍ഡേ പക്ഷം അന്‍പതിലേറെ സീറ്റുകള്‍ നേടിയപ്പോള്‍ അജിത് പവാര്‍ എന്‍സിപി വിഭാഗം മുപ്പതിലധികം സീറ്റുമായും കരുത്തുകാട്ടി. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48-ല്‍ 31 സീറ്റും നേടിയ മഹാവികാസ് അഘാഡിക്ക് വന്‍ തിരിച്ചടിയായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.

Narendra Modi, Governor CP Radhakrishnan, Devendra Fadnavisduring the swearing in ceremony
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഫഡ്‌നാവിസ്പിടിഐ

ജയിലില്‍ നിന്നുള്ള തിരിച്ചുവരവ്

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഈ വര്‍ഷം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനെ ജയിലടച്ചു. അഴിമതിക്കേസില്‍ ഇഡി ചോദ്യം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും തൊട്ടുപിന്നാലെ അറസ്റ്റിലാകുകയും ചെയ്തു. പകരം മുഖ്യമന്ത്രിയായത് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവ് ചംപായ് സോറന്‍. ആറ് മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായ സോറന്‍ മുഖ്യമന്ത്രി കസേര ഏറ്റെടുത്തു. ഇതില്‍ അതൃപ്തനായ ചംപായ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മാസങ്ങള്‍ക്ക് ശേഷം നടന്ന ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു.

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം 56 സീറ്റ് നേടിയാണ് തുടര്‍ഭരണമുറപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഒന്‍പത് സീറ്റുകള്‍ അധികം നേടിയാണ് ജെഎംഎമ്മിന്‍റെ ജയം. ഹേമന്ത് ജയിലിലായപ്പോള്‍ മാത്രം രാഷ്ട്രീയത്തിലിറങ്ങിയ ഭാര്യ കല്‍പന സോറനും ഈ ജയത്തില്‍ തുല്യാവകാശിയായി. സ്ത്രീകളടക്കം വന്‍ ജനക്കൂട്ടമാണു കല്‍പനയുടെ പ്രചാരണയോഗങ്ങളിലെത്തിയത്. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും സിപിഐഎംഎല്‍ 2 സീറ്റിലുമാണു വിജയിച്ചത്.

Hemant Soren
ഹേമന്ത് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റപ്പോള്‍പിടിഐ

കെജരിവാള്‍ ജയിലില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജരിവാളിനെ ഡല്‍ഹി മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21ന് രാത്രി ഒമ്പതുമണിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി കെജരിവാള്‍. പിന്നീട് ജയിലില്‍വെച്ച് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് അന്വേഷണ ഏജന്‍സികളുടെയും കേസുകളില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സെപ്റ്റംബര്‍ 13-ന് കെജരിവാള്‍ ജയില്‍മോചിതനായി. ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

kejriwal
കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ഫയല്‍

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ഭരണത്തില്‍നിന്ന് ഒഴിയാനും പാര്‍ട്ടി നേതൃത്വത്തില്‍ ശക്തമാകാനുമുള്ള കെജരിവാളിന്റെ തീരുമാനം. പിന്‍ഗാമിയായി അതിഷിയെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്ഥാനമേറ്റതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയായി അതിഷി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com