

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന സന്ദേശ്ഖാലി കേസ് സുപ്രീംകോടതിയില്‍. ആരോപണങ്ങളില്‍ പ്രത്യേക സംഘമോ (എസ്‌ഐടി) സിബിഐയോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും സംഘവും ബലം പ്രയോഗിച്ച് ഭൂമി കൈക്കലാക്കുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തിരയുന്ന ഷാജഹാന്‍ ഒളിവിലാണ്.
സംഭവങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുക മാത്രമല്ല, കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടിക്കണക്കിന് രൂപയുടെ റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവായ ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ജനുവരി 5 ന് സന്ദേശ്ഖാലിയില്‍ പ്രതിഷേധം ആരംഭിച്ചത്. ഷാജഹാന്റെ ആളുകള്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭൂമി കയ്യേറ്റം, വര്‍ഷങ്ങളായി പീഡനം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തുകയായിരുന്നു. ആരോപണങ്ങളെയും മമത സര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണ്. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് സ്ത്രീകളെ നേരിട്ട് കാണുകയും അതിന് ശേഷം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ അന്വേഷണ സംഘമാണ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates