ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധത്തിന് സാധ്യത. ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് നടക്കും. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.
പ്രധാനകേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
അക്രമങ്ങള്‍ രൂക്ഷമായ ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വെ സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ബിഹാറില്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ ഭോജ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും. റെയില്‍വേ സ്റ്റേഷനുകളിലും പ്രധാനകേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭോജ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി എസ്പി അറിയിച്ചു. പ്രതിഷേധക്കാര്‍ക്കിടയില്‍ സാമൂഹിക വിരുദ്ധരും നുഴഞ്ഞു കയറിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. തന്റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത് പ്രതിപക്ഷ ഗുണ്ടകളാണെന്നും, പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി രേണുദേവി ആരോപിച്ചു.
ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ
ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള 'ഭാരത് ബന്ദ്' കേരളത്തിലും ശക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നു
അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും രാജ്യത്താകെ 1313 പേരാണ് അറസ്റ്റിലായത്. ഇതില്‍ 805 പേരും ബിഹാറില്‍ നിന്നാണ്. അറസ്റ്റിലായവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിര്‍ദ്ദേശം. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് അഗ്‌നിപഥില്‍ പ്രവേശനം നല്‍കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ഈ വാര്‍ത്ത കൂടി വായിക്കാം അഗ്നിപഥ്: സേനകള്‍ പിന്നോട്ടില്ല; കരട് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates