

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ( Air India) വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപകട കാരണം എന്തെന്ന് കണ്ടെത്തുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കമ്മിറ്റി പരിശോധിക്കും.
ഫ്‌ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍, എടിസി ലോഗ്, സാക്ഷികളുടെ മൊഴികള്‍ എന്നിവയുള്‍പ്പെടെ എല്ലാ രേഖകളും സമിതി പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കും കമ്മിറ്റിയുടെ തലവന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത പ്രതിനിധികളെയും സമിതിയിലല്‍ ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ തകരാര്‍, മനുഷ്യ സംഭവ്യമായ പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങള്‍, മറ്റ് ലംഘനങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങളും സമിതി പരിശോധിക്കും.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന കൂടുതല്‍ കൂടി മരിച്ചു എന്നതാണ് സ്ഥിരീകരിച്ചത്. അപകട സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 24 വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുള്ളത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡിഎന്‍എ പരിശോധന ഫലം വരുന്ന മുറയ്ക്ക് ബന്ധുക്കള്‍ക്ക് കൈമാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
