

ന്യൂഡൽഹി: കഴിഞ്ഞ മാസം ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് താഴേക്ക് പതിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം നിയന്ത്രിച്ചിരുന്ന മുഖ്യ പൈലറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് വ്യോമയാന മേഖലയെ ഞെട്ടിച്ച ഗുരുതര കണ്ടെത്തലുകളുള്ളത്.പൈലറ്റ് ലഹരി ഉപയോഗിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നും ഇയാൾക്കെതിരെ മുൻഗണനാടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് അന്വേഷണ സമിതി ശുപാർശ ചെയ്തു.
137 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 145 പേരുമായി സഞ്ചരിച്ച എയർ ഇന്ത്യയുടെ AI 2379 നമ്പർ എയർബസ് A320 നിയോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 36,000 അടി ഉയരത്തിൽ സഞ്ചരിക്കവെ വെറും അഞ്ച് സെക്കൻഡിന്റെ വ്യത്യാസത്തിൽ വിമാനത്തിന്റെ മൂന്ന് പ്രധാന ഹൈഡ്രോളിക് സംവിധാനങ്ങളുടെയും (ഗ്രീൻ, ബ്ലൂ, യെല്ലോ) സമ്മർദം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ഓട്ടോപൈലറ്റ് സംവിധാനം തനിയെ വിച്ഛേദിക്കപ്പെടുകയും, തുടർച്ചയായ അപായമണി മുഴങ്ങുകയും ചെയ്തു. രണ്ട് സെക്കൻഡ് നേരം 'സ്റ്റാൾ വാണിംഗും' പ്രവർത്തിച്ചു. ഈ നിമിഷങ്ങളിൽ നിയന്ത്രണം വിട്ട വിമാനം പൊടുന്നനെ 372 അടി മുകളിലേക്ക് കുതിച്ചുയരുകയും, തൊട്ടടുത്ത നിമിഷം 292 അടി താഴേക്ക് കുത്തനെ പതിക്കുകയുമായിരുന്നു. ആദ്യം കോ-പൈലറ്റും തുടർന്ന് പ്രധാന പൈലറ്റും ഇടപെട്ട് ഏതാനും സെക്കൻഡുകൾക്കകം ഹൈഡ്രോളിക് സംവിധാനങ്ങൾ സാധാരണ നിലയിലാക്കി വിമാനം നിയന്ത്രണത്തിൽ കൊണ്ടുവരികയായിരിന്നു.
ഉയരത്തിൽ ശാന്തമായി പറക്കുന്ന സമയമായിരുന്നതിനാൽ സീറ്റ് ബെൽറ്റ് ചിഹ്നങ്ങൾ ഓഫായിരുന്നു. വിമാനം പെട്ടെന്ന് മുകളിലേക്കും താഴേക്കും ആടിയുലഞ്ഞതോടെ യാത്രക്കാരും ക്യാബിൻ ക്രൂ ജീവനക്കാരും സീറ്റുകളിൽ നിന്ന് തെറിച്ച് ക്യാബിനകത്ത് വീണു. 20 യാത്രക്കാർക്കും നാല് ക്യാബിൻ ക്രൂ ജീവനക്കാർക്കുമടക്കം 24 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കാർ തെറിച്ചുവീണ ആഘാതത്തിൽ ക്യാബിൻ സീലിംഗ് പാനലുകൾ, ഓവർഹെഡ് ബിന്നുകൾ എന്നിവ തകർന്നു. എമർജൻസി എക്സിറ്റ് ഹാൻഡിൽ ഒടിയുകയും, ശൗചാലയത്തിലെ ക്ലോസറ്റ് ഇളകിമാറുകയും ജീവനക്കാരുടെ ഇരിപ്പിടങ്ങൾ തകരുകയും ചെയ്തു. ഇത്രയും വലിയ അപകടമുണ്ടായിട്ടും അടുത്തുള്ള വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാതെ വിമാനം ഡൽഹിയിലേക്ക് തന്നെ പറത്താനാണ് പൈലറ്റുമാർ തീരുമാനിച്ചത്. പിന്നീട് ഡൽഹി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് മെഡിക്കൽ മുൻഗണന ആവശ്യപ്പെടുകയും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
ലാൻഡിംഗിന് ശേഷം നടത്തിയ ശ്വാസപരിശോധനയിൽ രണ്ട് പൈലറ്റുമാരും മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ സൈക്കോ ആക്ടീവ് സബ്സ്റ്റൻസ് സ്ക്രീനിംഗിൽ മുഖ്യ പൈലറ്റിന്റെ സാമ്പിൾ പോസിറ്റീവായി. ഇതിനുപിന്നാലെ പതോളജിക്കൽ ലാബിലേക്ക് അയച്ച രക്തപരിശോധനയിലും പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു. അതേസമയം കോ-പൈലറ്റിന്റെ പരിശോധനാഫലങ്ങൾ നെഗറ്റീവായിരുന്നു. പൈലറ്റിന്റെ ലഹരി ഉപയോഗമാണ് ഹൈഡ്രോളിക് തകരാറിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നില്ലെങ്കിലും, ഇത്രയും യാത്രക്കാരുള്ള വിമാനം പറത്തുമ്പോൾ പൈലറ്റ് ലഹരി ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി. കോക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും പരിശോധനയ്ക്കായി വീണ്ടെടുത്തിട്ടുണ്ട്. ഫ്രാൻസിലെ ഏവിയേഷൻ സേഫ്റ്റി ബ്യൂറോയുടെയും വിമാന നിർമ്മാതാക്കളായ എയർബസിന്റെയും സാങ്കേതിക വിദഗ്ദ്ധർ നേരിട്ടെത്തി വിമാനം പരിശോധിച്ചു. വിമാനത്തിലെ പവർ ട്രാൻസ്ഫർ യൂണിറ്റിൽ മുൻപേയുണ്ടായിരുന്ന തകരാറും ഹൈഡ്രോളിക് ഭാഗങ്ങളും പ്രത്യേകമായി പരിശോധിച്ചുവരികയാണ്. വിശദമായ അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates