

ചെന്നൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിര്‍ത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പകരം പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുടെ തുടക്കം മുതല്‍ ഇതിന് എതിര്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഈ പരീക്ഷ സമ്പന്നരായ, നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അന്യായമായ മുന്‍തൂക്കം നല്‍കുന്നുവെന്നാണ് അവരുടെ വാദം. പ്രാദേശിക ഭാഷകളില്‍ പഠിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള മിടുക്കരായ വിദ്യാര്‍ഥികളെ ഈ സംവിധാനം പുറന്തള്ളുന്നുവെന്ന് ആരോപിച്ച് പരീക്ഷയില്‍ ഇളവ് വേണമെന്നതാണ് സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യം.
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കുന്നത് ഇത് ആദ്യമായല്ലെന്ന് വിജയ് എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. '2024-ല്‍ ചോദ്യപേപ്പര്‍ ചോരുകയും ആറ് സംസ്ഥാനങ്ങളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല വിദഗ്ധ സമിതി പരിഷ്‌കാരങ്ങള്‍ക്കായി 95 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. എന്നിട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ വീണ്ടും പേപ്പര്‍ ചോര്‍ച്ച സംഭവിക്കുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തിരിക്കുന്നു, ദേശീയ തലത്തിലുള്ള ഒരു പരീക്ഷയുടെ ഘടനാപരമായ പിഴവുകളുടെയും പോരായ്മകളുടെയും അന്തിമ തെളിവാണിത്'- അദ്ദേഹം എക്‌സില്‍ കുറിച്ചു.
'നീറ്റ് ആരംഭിച്ച കാലം മുതല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനെ തുടര്‍ച്ചയായും ഏകകണ്ഠമായും എതിര്‍ക്കുന്നുണ്ട്. നീറ്റിന്റെ കടന്നുവരവ് ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവര്‍ക്കും സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്കും തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും വലിയ ദോഷം ചെയ്തിട്ടുണ്ട്. നീറ്റ് നിര്‍ത്തലാക്കണമെന്നും എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകള്‍ പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നികത്താന്‍ അനുവദിക്കണമെന്നുമുള്ള ദീര്‍ഘകാലമായുള്ള ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates