ചെന്നൈ: മകൻ മൂലം ദോഷമുണ്ടാകുമെന്ന ജോത്സ്യന്റെ വാക്കുകേട്ട് അച്ഛൻ മകനെ തീ കൊളുത്തി കൊന്നു. അഞ്ചു വയസ്സുകാരൻ സായ് ശരൺ ആണ് മരിച്ചത്. സംഭവത്തിൽ സായ് ശരണിന്റെ പിതാവ്, തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറാണ് ഇയാൾ.
ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാൽ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യൻ ഗണിച്ചു പറഞ്ഞു. ഇതേത്തുടർന്ന് പലപ്പോഴായി രാംകി മകനെ ഉപദ്രവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മിൽ കലഹം പതിവായിരുന്നു. അഞ്ചുദിവസംമുമ്പ് വീണ്ടും വഴക്കുണ്ടായപ്പോൾ രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് മകന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ രാംകിയെ മന്നാർഗുഡി ജയിലിലടച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
