

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. 20നും 25നും ഇടയിൽ പ്രായമുള്ള അഞ്ച് ബംഗ്ലാദേശി പൗരന്മാരാണ് ഡൽഡഹി പൊലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരായ ഇവർ, ഡൽഹിയിൽ കുറച്ചുകാലമായി വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഡൽഹി പൊലീസ് സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ മോക് ഡ്രില്ലിനിടെ കഴിഞ്ഞദിവസം ‘ഡമ്മി ബോംബുമായി’ ഒരാൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ ‘ഡമ്മി ബോംബ്’ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിൽ സുരക്ഷാ വീഴ്ച കണക്കിലെടുത്ത്, സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹരിയാനയിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരൻമാരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽനിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates