ബംഗളൂരു: കർണാടകയിൽ ഒമൈക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ ജീനോം പരിശോധനയ്ക്കായി അയച്ചതായും അവരെ ഐസൊലേറ്റ് ചെയ്തതായും കർണാടക സർക്കാർ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടാണ് കർണാടകയിൽ 66ഉം 46ഉം വയസുള്ള രണ്ട് പുരുഷന്മാർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച വൈകീട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഒമൈക്രോൺ സ്ഥിരീകരിച്ച 46കാരൻ ബംഗളൂരുവിൽ നിന്നുള്ള ഡോക്ടറാണെന്നും ഇദ്ദേഹം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നവംബർ 21ന് ഇദ്ദേഹത്തിന് പനിയും ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ രോഗബാധ സ്ഥിരീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇയാളുടെ സാമ്പിളുകൾ അന്നുതന്നെ ജനിതക ശ്രേണീകരണത്തിന് അയച്ചു. തുടർന്ന് മൂന്ന് ദിവസത്തിനു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. 46കാരനായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 13 പേരുണ്ടെന്നും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ 250ൽ അധികം പേരുമുണ്ടെന്നും കർണാടക സർക്കാർ വ്യക്തമാക്കി.
ഒമൈക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി 66 വയസുള്ള ദക്ഷിണാഫ്രിക്കൻ പൗരനാണ്. കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിലെത്തിയതിനു പിന്നലെ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
തുടർന്ന് സെൽഫ് ഐസൊലേഷന് നിർദേശിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം ഇദ്ദേഹം ഒരു സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. തുടർന്ന് ഇദ്ദേഹം ദുബായിലേക്ക് പോയി. ദക്ഷിണാഫ്രിക്കൻ പൗരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 24 പേരുടെയും ദ്വിതീയ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 240 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates