ശ്രീനഗര്‍: ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കാന്‍ പ്രേരണ നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. 35,00 കിലോമീറ്റര്‍ പിന്നിടാനാകുമെന്ന് വിചാരിച്ചിരുന്നില്ല. ജനങ്ങളുടെ സ്‌നേഹം തന്റെ കണ്ണു നനയിക്കുന്നു. പ്രതികൂല കാലാവസ്ഥ അടക്കം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്‌നേഹവും പിന്തുണയുമാണ് യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായതെന്നും രാഹുല്‍ പറഞ്ഞു.
'ഈ യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അനേകായിരം പേര്‍ ഒപ്പം ചേര്‍ന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം, നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാള്‍ക്കും തണുക്കുകയോ വിയര്‍ക്കുകയോ നനയുകയോ ഇല്ല'.
'യാത്രയില്‍ സുരക്ഷ പ്രശ്‌നം ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശ്മീരില്‍ കാല്‍നടയാത്ര വേണ്ടെന്നും, വാഹനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂവെന്നും പറഞ്ഞു. ഗ്രനേഡ് ആക്രമണം ഉണ്ടാകാം എന്നും അറിയിച്ചു. എന്നെ വെറുക്കുന്നവര്‍ക്ക് എന്തുകൊണ്ട് ഒരവസരം കൊടുത്തു കൂടാ എന്നു ചിന്തിച്ചു. ജീവിക്കുകയാണെങ്കില്‍ പേടി കൂടാതെ ജീവിക്കണം. അതാണ് എന്നെ എന്റെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത്. അതുകൊണ്ടു തന്നെ കാല്‍നടയായി തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കശ്മീരിലെ ജനങ്ങള്‍ വലിയ സ്‌നേഹമാണ് നല്‍കിയത്'.
'ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താന്‍ ആകില്ല. കാരണം അവര്‍ക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തസാക്ഷിത്വം രാഹുല്‍ അനുസ്മരിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിച്ചവരാണ് താനും പ്രിയങ്കഗാന്ധിയും. അത്തരമൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷായ്‌ക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കും സൈനികര്‍ക്കും അത് മനസ്സിലാകും. പുല്‍വാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും'.
'ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം. വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് ശ്രമിച്ചത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ രക്ഷിക്കാനാണ് പോരാട്ടം. ഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു. നാലര മാസത്തോളം നീണ്ടു നിന്ന യാത്രയാണ് കശ്മീരില്‍ സമാപിച്ചത്. കനത്ത മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates