

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 50 ഓളം എംഎല്‍എമാരും 20 എംപിമാരും അതൃപ്തരാണെന്നും ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയാല്‍ പാര്‍ട്ടി മാറാന്‍ തയ്യാറായിരിക്കുകയാണെന്നും ബിജെപി എംപി സൗമിത്ര ഖാന്‍ അവകാശപ്പെട്ടു. ഈ നേതാക്കളെ കൂടെക്കൂട്ടാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ ശക്തിയല്ലാതായി മാറുമെന്നും സൗമിത്ര ഖാന്‍ പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വം ഒരു തവണ സമ്മതം മൂളുകയാണെങ്കില്‍ തൃണമൂല്‍ പിന്നീട് ഒരു പാര്‍ട്ടി ആയി നിലനില്‍ക്കില്ല. എല്ലാവരും വരാന്‍ തയ്യാറാണ്. അമ്പതോളം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ അതൃപ്തരാണ്, 20 ഓളം എംപിമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണ് സൗമിത്ര ഖാന്‍ പറഞ്ഞു. തൃണമൂല്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരെയും ബിജെപി നേതാവ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 'പാപികള്‍ക്ക് ജയിലില്‍ പോകേണ്ടി വരും. അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒരു ബുള്‍ഡോസര്‍ നില്‍പ്പുണ്ട്. 2021-ല്‍ അദ്ദേഹം ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തിരുന്നു. പാപികള്‍ അതിന്റെ ഫലം ഉടന്‍ തന്നെ അനുഭവിക്കണം. അവര്‍ നരകത്തിലേക്ക് പോകണമെന്നും ഖാന്‍ പറഞ്ഞു.
എന്നാല്‍, തൃണമൂല്‍ എംപി സൗഗത റോയ് ഈ അവകാശവാദത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു. 'ഇത് തികച്ചും അസത്യമാണ്. സൗമിത്ര ഖാനും ബിജെപിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല, സൗഗത റോയ് പറഞ്ഞു.
തൃണമൂലിനുള്ളില്‍ വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര കലഹം
പശ്ചിമ ബംഗാളിലെ സമീപകാല തെരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വര്‍ധിച്ചു വരുന്ന അസ്വസ്ഥതകള്‍ക്കിടയിലാണ് സൗമിത്ര ഖാന്റെ പരാമര്‍ശങ്ങള്‍ പുറത്തു വരുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍, തദ്ദേശ സ്ഥാപനങ്ങളിലെ രാജികള്‍, പല നേതാക്കള്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ എന്നിവ കാരണം പാര്‍ട്ടി വലിയ പ്രതിസന്ധി നേരിടുകയാണ്.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധി തൃണമൂല്‍ എംഎല്‍എമാര്‍ക്കൊപ്പം ബാരാസത് എംപി കകോലി ഘോഷ് ദസ്തിദാറും പങ്കെടുത്തതോടെയാണ് വിവാദങ്ങള്‍ കൊഴുത്തത്. ലോക്സഭയിലെ തൃണമൂലിന്റെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് കകോലിയെ അടുത്തിടെ നീക്കിയിരുന്നു. അതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചത് രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി.
വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നായി നൂറോളം കൗണ്‍സിലര്‍മാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജി സമര്‍പ്പിച്ചത്. ഇത് തൃണമൂലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ വലിയ അസ്ഥിരതയ്ക്ക് കാരണമായിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പല മുനിസിപ്പല്‍ ബോര്‍ഡുകളും തകര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമും സ്ഥാനം ഒഴിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്, എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, കൗണ്‍സിലര്‍മാരോട് രാജി വെക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്തിടെ അഭ്യര്‍ത്ഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates