

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം. മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു എംപിയും സംഘവും. എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇവരുടെ വാഹനവും തകര്‍ക്കപ്പെട്ടു. തലയ്ക്ക് സാരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന എംപിയുടെ ചിത്രങ്ങളും ബിജെപി നേതാക്കള്‍ പുറത്തുവിട്ടു. 'ഖഗന്‍ദാ വാഹനത്തില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ്. കാറിന്റെ ഒരു ഗ്ലാസ് പോലും ബാക്കിയില്ല. കാറിനുള്ളില്‍ എല്ലായിടത്തും തകര്‍ന്ന ചില്ലുകളും കല്ലുകളുമാണ്. അടിയന്തര വൈദ്യസഹായത്തിനായി ഞങ്ങള്‍ ഉടന്‍ തന്നെ ഇവിടെ നിന്ന് പോകുകയാണ്.' മുര്‍മുവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് പങ്കുവെച്ച വീഡിയോയില്‍ എംഎല്‍എ ഘോഷ് പറഞ്ഞു.
ബിജെപി എംപിയും എംഎല്‍എയും പശ്ചിമ ബംഗാളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനിടെ പൊലീസിന്റെ സാന്നിധ്യത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാര്‍ ആരോപിച്ചു. 'മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഈ ഭീരുത്വവും നാണംകെട്ട പ്രവൃത്തിയും ബംഗാളിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഇന്നലെ മുതല്‍ ഇന്നുവരെ നിങ്ങള്‍ കാണിച്ച അധാര്‍മികവും മനുഷ്യത്വരഹിതവുമായ ഓരോ ക്രൂരതയ്ക്കും ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ ശിക്ഷിക്കും.' അദ്ദേഹം പറഞ്ഞു.
BJP MP Left Bloodied In Attack During Bengal Flood Relief Work, Suvendu Adhikari Blames TMC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates