ലഹരി ഉപയോഗിക്കുന്നവര്‍ ഇനി 'ഇരകള്‍'- എന്‍ഡിപിഎസ് നിയമത്തില്‍ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം

ലഹരി ഉപയോഗിക്കുന്നവര്‍ ഇനി 'ഇരകള്‍'- എന്‍ഡിപിഎസ് നിയമത്തില്‍ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ലഹരി തടയല്‍ നിയമത്തില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ലഹരിക്കടത്ത് കുറ്റകൃത്യമായി തന്നെ നിലനില്‍ക്കും.  

ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും. ഇതിനായി 30 ദിവസത്തെ കൗണ്‍സിലിങും ഇവര്‍ക്ക് നല്‍കും.

ശൈത്യകാല സമ്മേളനത്തിൽ ബില്ല് 

എന്‍ഡിപിഎസ് നിയമം കാലോചിതമായി പരിഷ്‌കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ഇതുസബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമൂഹിക നീതി മന്ത്രാലയവും സംയുക്തമായി യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കാനുള്ള തീരുമാനം എടുത്തത്. ഈ മാസം 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

വികസിത രാജ്യങ്ങളിലേതിന് സമാനമായി ലഹരി തടയുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. ആദ്യമായി അല്ലെങ്കില്‍ വല്ലപ്പോഴും മാത്രം ലഹരി ഉപയോഗിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്യുന്നവരെ കുറ്റവാളികളായി കണ്ട് അവരെ തടവടക്കമുള്ള ശിക്ഷകള്‍ക്ക് വിധേയരാക്കുന്നതിന് പകരം അവരെ ഇരകളായി കാണും. അത്തരം ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് സാധാരണ ജീവിതം നയിക്കുന്നതിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

നിലവില്‍ നിയമത്തിന്റെ 27ാം വകുപ്പ് അനുസരിച്ച് ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ശിക്ഷ. ഇത് ഒഴിവാക്കി ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ 30 ദിവസം നീണ്ടുനില്‍ക്കുന്ന ലഹരി വിമുക്തി പദ്ധതിയുടെ ഭാഗമാക്കും. 

പിടിക്കപ്പെടുന്നവരെ ഒറ്റയടിക്ക് കുറ്റക്കാരായി ചിത്രീകരിച്ചാല്‍ അവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയോ വീണ്ടും ലഹരി ഉപയോഗത്തിന് അടിമകളായി മാറാനോ സാധ്യതയുണ്ട്. അത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടാണ് യോഗത്തില്‍ ഉയര്‍ന്നത്. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയമാണ് ഇത്തരമൊരു ഭേദഗതി ഇപ്പോള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. 

കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ലഹരിക്കടത്ത്, ലഹരി വലിയ തോതില്‍ ഉപയോഗിച്ച് കുറ്റകൃത്യം നടത്തല്‍ തുടങ്ങിയവയ്ക്ക് കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുന്നതിന്റെ അളവിനനുസരിച്ച് ശിക്ഷ കടുക്കുന്ന തരത്തിലും നിയമം ഭേദഗതി ചെയ്യും. വലിയ തോതിലുള്ള ലഹരിക്കടത്തിന് ജാമ്യം പോലും നിഷേധിക്കുന്ന തരത്തില്‍ ശിക്ഷ കടുപ്പിച്ച് നിയന്ത്രിക്കാനുള്ള ശ്രമവും കേന്ദ്രം ആലോചിക്കുന്നുണ്ട്. 

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിയെക്കുറിച്ചു സെമിനാറുകള്‍ അടക്കമുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പ്രാദേശിക തലത്തില്‍ ലഹരി ഉപയോഗം തടയുന്നതിന് ആവശ്യമായ ജനകീയ യജ്ഞം നടത്താനും പദ്ധതികള്‍ ആവിഷ്‌കരിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com