

ന്യൂഡല്‍ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ( VB-G RAM G Bill ) ഇന്നു തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ നീക്കം. ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തള്ളി. പുതിയ ആണവോര്‍ജ ബില്ലിനു (ശാന്തി ബില്‍) ശേഷം തൊഴിലുറപ്പ് പദ്ധതി ബില്‍ പാര്‍ലമെന്റില്‍ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം.
പുതിയ ബില്ലില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബില്ലിനെ എതിര്‍ക്കുമെന്ന് അകാലിദളും അറിയിച്ചിട്ടുണ്ട്. ബില്ലിനെതിരെ പാര്‍ലമെന്റിലെ പ്രതിഷേധത്തിന് രൂപം നല്‍കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്ത്യ സഖ്യ നേതാക്കള്‍ രാവിലെ യോഗം ചേര്‍ന്നിരുന്നു.
വിവാദ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ( ഗ്രാമീണ്‍) (വിബിജി റാം ജി) ബില്‍ 2025 എന്ന പേരിലുള്ള ബില്‍ ഇന്നലെയാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദു ചെയ്താണ് പുതിയ നിയമം കൊണ്ടു വരാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്.
ഗാന്ധിജിയുടെ പേര് ഒഴിവാക്കി അവതരിപ്പിച്ച ബില്ലിനെതിെര വൻ പ്രതിഷേധമാണ് ലോക്സഭയിൽ ഇന്നലെ നടന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിതെന്നും മഹാത്മാഗാന്ധി ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലാണെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതിഷേധത്തിന് മറുപടിയായി പറഞ്ഞു. എംപിമാർക്ക് വിതരണം ചെയ്ത കരടുപ്രകാരം, തൊഴിൽ ദിനങ്ങൾ പ്രതിവർഷം 100ൽ നിന്നു കുറഞ്ഞതു 125 ദിവസമാകും. ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% ഇനി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates