

കൊല്‍ക്കത്ത: മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളികളോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. 125 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്ന 'വി.ബി-ജി റാം ജി' പദ്ധതിക്ക് കീഴില്‍ അവസരങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.
'125 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്ന വി.ബി-ജി റാം ജി പദ്ധതിക്ക് കീഴില്‍ വന്‍ സാധ്യതകളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളികല്‍ സ്വന്തം സംസ്ഥാനത്തേക്ക് തിരികെ വന്ന് ജോലി ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. തിരികെ വന്ന് സ്വന്തം കുടുംബത്തോടൊപ്പം ജോലി ചെയ്യൂ. ഓരോ ജോബ് കാര്‍ഡ് ഉടമയ്ക്കും 34,500 രൂപയുടെ ഗ്യാരണ്ടിയാണ് നല്‍കുന്നത്,' -അദ്ദേഹം പറഞ്ഞു. 22 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്ന കേന്ദ്ര ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരികയാണെന്നും കേന്ദ്രവും സംസ്ഥാനവും സംയുക്തമായി 12,000 കോടി രൂപയുടെ തൊഴില്‍ വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 65.62 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിദിന തൊഴില്‍ 7.09 ലക്ഷത്തില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. എംജിഎന്‍ആര്‍ഇജിഎ പദ്ധതിയുടെ കാലയളവില്‍ കേന്ദ്രം 31 ലക്ഷം വ്യാജ ജോബ് കാര്‍ഡുകള്‍ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ഒരുലക്ഷം പേരെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 63,496 ഒഴിവുകളിലേക്കുള്ള നിയമനത്തിന് മന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. '2027 മേയ് 8-ഓടെ ഒരു ലക്ഷം നിയമന ഉത്തരവുകള്‍ കൈമാറാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ നിയമനങ്ങളും സ്ഥിരമായിരിക്കും. വെസ്റ്റ് ബംഗാള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, എസ്.എസ്.സി, പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളായിരിക്കും നിയമന നടപടികള്‍ നടത്തുക; ഈ പ്രക്രിയയില്‍ ആരും ഇടപെടുകയുമില്ല. നിയമനങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രവും സുതാര്യവുമായിരിക്കും,'സുവേന്ദു അധികാരി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates