

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളില്‍ 75 ശതമാനം ഇടിവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സംഭാവനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 130.69 കോടി രൂപയാണ് കോണ്‍ഗ്രസിന് 20,000 രൂപയ്ക്ക് മുകളില്‍ ലഭിച്ച സംഭാവനകളിലൂടെ സമാഹരിക്കാനായത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 517.39 കോടി രൂപയായിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന വര്‍ഷമായതിനാല്‍ അത്തവണ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനകളില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. അതിന് മുന്‍പുള്ള വര്‍ഷം 281.48 കോടി രൂപയായിരുന്നു സംഭാവന.
ഭരണകക്ഷിയായ ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ സംഭാവനയിലെ വ്യത്യാസം വളരെ വലുതാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 6,074.02 കോടി രൂപയാണ് 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനയായി ലഭിച്ചത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ചതിന്റെ ഏകദേശം 12 മടങ്ങാണിത്. പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്നുള്ള സംഭാവനയിലുണ്ടായ കുറവാണ് കോണ്‍ഗ്രസിന്റെ വരുമാന ഇടിവിന് പ്രധാന കാരണം. 2024-25ല്‍ ഈ ട്രസ്റ്റില്‍ നിന്ന് 216.34 കോടി രൂപ ലഭിച്ചിരുന്നെങ്കില്‍ 2025-26ല്‍ അത് 25 കോടി രൂപയായി കുറഞ്ഞു. ഏകദേശം 88 ശതമാനമാണ് ഇടിവ്.
സ്റ്റാര്‍ സിമന്റ് അഞ്ച് കോടി രൂപയും സജ്ജന്‍ ഭജന്‍ക നാല് കോടി രൂപയും പ്രേം കുമാര്‍ ഭജന്‍ക രണ്ട് കോടി രൂപയും സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുള്ള ഏക ഇലക്ടറല്‍ ട്രസ്റ്റ് പ്രുഡന്റ് ആണ്. അതേസമയം, 2025-26 സാമ്പത്തിക വര്‍ഷത്തെ ബിജെപിയുടെ സംഭാവനാ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 12 സാമ്പത്തിക വര്‍ഷങ്ങളിലും കോണ്‍ഗ്രസിനേക്കാള്‍ വലിയ തുകയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുള്ളത്.
എന്നാല്‍, ഈ കണക്കുകള്‍ കോണ്‍ഗ്രസിന്റെ ആകെ വരുമാനമല്ല. ചെറിയ സംഭാവനകള്‍, അംഗത്വ ഫീസ്, കൂപ്പണ്‍ പിരിവ്, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ എന്നിവയും പാര്‍ട്ടിയുടെ വരുമാനത്തിന്റെ ഭാഗമാണ്. 2025-26 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവ പുറത്തുവരുന്നതോടെ പാര്‍ട്ടിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates