

പട്‌ന: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് 'വോട്ടര്‍ അധികാര്‍ യാത്ര'യുടെ സമാപന ദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പുറത്തുവിട്ട വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹൈഡ്രജന്‍ ബോംബ് എന്നാണ് വരാനിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരിക്കുന്നത്. വോട്ട് മോഷണത്തിന് പിന്നാലെ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖം ഉയര്‍ത്തി രാജ്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഭരണഘടനയെ ഇല്ലാതാക്കാന്‍ ബിജെപിയെ അനുവദിക്കില്ല, ഇതാണ് വോട്ട് അധികാര്‍ യാത്രയിലൂടെ ഞങ്ങള്‍ വ്യക്തമാക്കിയത്. യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ അവസരത്തില്‍ ബിജെപിക്ക് ഒരു മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ആറ്റം ബോംബിനെ കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാല്‍ ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബാണ്. ആറ്റം ബോംബിനെക്കാള്‍ പതിന്‍മടങ്ങ് പ്രഹര ശേഷിയുള്ളതാണിത്. ബിജെപിയും ജനങ്ങളും ഇക്കാര്യം കേള്‍ക്കാന്‍ തയ്യാറായി ഇരിക്കണം. വോട്ട് മോഷണത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി പുറത്തുവരമെന്നും, ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയും എന്നും അദ്ദേഹം പ്രതികരിച്ചു. പിന്നാലെയായിരുന്നു വെളിപ്പെടുത്തലിന് ശേഷം മോദിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞത്.
ബിഹാര്‍ വിപ്ലവ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള മണ്ണാണ്. രാജ്യത്തിന്റെ ഭാവിയിലേക്ക് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് വഴികാട്ടിയാകും. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വോട്ട് മോഷണം എന്ന ആശയം അവകാശങ്ങളുടെ കവര്‍ച്ച കൂടിയാണ്. ജനാധിപത്യത്തിന്റെ കവര്‍ച്ചയാണ്, തൊഴിലിന്റെ കവര്‍ച്ചയാണ്. ബിജെപി പതിയെ ജനങ്ങളുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ പോലും എടുത്ത് കളയുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
