പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; നാളെ രാജ്ഘട്ടില്‍ സത്യാഗ്രഹം

രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രതിഷേധം/പിടിഐ
കോണ്‍ഗ്രസ് പ്രതിഷേധം/പിടിഐ
Updated on: 
1 min read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. നാളെ  രാവിലെ 10ന് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. വിഷയത്തില്‍ പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പേര് വന്നതെങ്ങനെയെന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയത്. ഒരൊറ്റ ചോദ്യത്തിനു മറുപടി നല്‍കുന്നതില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുല്‍ ആരോപിച്ചു. 
അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അവരുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മില്‍ അടുത്ത ബന്ധമാണ്. ഗുജറാത്തില്‍നിന്നു തുടങ്ങിയ ബന്ധമാണത്. താന്‍ ഈ ബന്ധം പാര്‍ലമെന്റില്‍ തുറന്നുകാട്ടി. അന്നു മുതലാണ് തനിക്കെതിരായ ഇപ്പോഴത്തെ നീക്കം തുടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യതയും വിദേശത്തെ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിമാര്‍ തനിക്കെതിരെ നടത്തിയ നുണപ്രചാരണവും ഇതിന്റെ ഭാഗമാണ്.

തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോവില്ല. ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

'എനിക്ക് ആരെയും ഭയമില്ല. അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല'- രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com