

മുംബൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ അകത്ത് കയറ്റണമായിരുന്നെന്ന് ജ്യോതിര്‍മഠ് പീഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ. പശുവിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് സ്ഥാപിക്കാമെങ്കില്‍ ജീവനുള്ള പശുവിനെ അകത്തേക്ക് കയറ്റാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. പുതിയ പാര്‍ലമെന്റിനകത്തേക്ക് പ്രധാനമന്ത്രി പ്രവേശിക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന ചെങ്കോലില്‍ പശുവിന്റെ ചിത്രം ആലേഖനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അനുഗ്രഹം നേടാന്‍ ഉദ്ഘാടന ദിവസം പാര്‍ലമെന്റില്‍ പശുവിനെ കൂടി കൊണ്ടുപോകണമായിരുന്നു. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പശുക്കളെയുമായി ഞങ്ങള്‍ പാര്‍ലമെന്റില്‍ എത്തും' അദ്ദേഹം പറഞ്ഞു. ഇത് പ്രധാനമന്ത്രിക്കും പാര്‍ലമെന്റ് കെട്ടിടത്തിനും പശുവിന്റെ അനുഗ്രഹം ഉറപ്പാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുക്കളെ ആദരിക്കുന്നതിനുള്ള ഒരു പ്രോട്ടോകോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഓരോ നിയമസഭാ മണ്ഡലത്തിലും 100 പശുക്കളെ ഉള്‍ക്കൊള്ളുന്ന ഒരു 'രാമധാം' - ഒരു ഗോശാല സ്ഥാപിക്കുമെന്ന് ശങ്കരാചാര്യ ആവശ്യപ്പെട്ടു. 'രാജ്യത്തുടനീളം 4,123 രാമധാമുകള്‍ നിര്‍മ്മിക്കും. ദിവസേനയുള്ള പശു സേവനം, സംരക്ഷണം, തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ ഷെല്‍ട്ടറുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും,'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശുക്കളെ സംരക്ഷിക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിനായും പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ഥികളെ മാത്രമേ ജനങ്ങള്‍ പിന്തുണയ്ക്കാവൂ എന്നും ശങ്കരാചാര്യ പറഞ്ഞു. 'ഇപ്പോഴത്തെ ഭരണകൂടം ഇതുവരെ ഞങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല.ഇന്ത്യയില്‍ ഗോവധം പൂര്‍ണ്ണമായും നിര്‍ത്തലാക്കണം,നമുക്ക് പാല്‍ നല്‍കുന്ന പശുക്കളെ കശാപ്പ് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അമൃത് കാല്‍ ആഘോഷിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് സ്‌ഫോടനത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
