ഇന്‍ഡോര്‍: പൊലീസ് കോണ്‍സ്റ്റബിളും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകനും 17കാരിയായ മകളും അറസ്റ്റില്‍. പ്രണയബന്ധം എതിര്‍ത്തതാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസം മുമ്പാണ് മധ്യപ്രദേശിലെ എയറോഡ്രോം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശത്തെ വീട്ടില്‍ സ്‌പെഷല്‍ ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ ജ്യോതി പ്രസാദ് ശര്‍മ്മ, ഭാര്യ നീലം എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവശേഷം പതിനേഴുകാരിയായ മകളെ കാണാതിയിരുന്നു.
കൊല നടത്തിയ ശേഷം രാജസ്ഥാനിലേക്ക് കടക്കുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. വീട്ടില്‍ നിന്നും മോഷ്ടിച്ചെന്ന് കരുതുന്ന ഒരുലക്ഷം രൂപയും കൊലനടത്താന്‍ ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കൃത്യം നടത്താന്‍ ഇരുവരും നേരത്തെ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം കൊലപാതകം നടത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാത്തതിനാല്‍ ഉറക്കഗുളികകള്‍ വാങ്ങാന്‍ കഴിയാതെ വന്നതോടെ ഈ ശ്രമം പരാജയപ്പെട്ടു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ മുത്തച്ഛന്റെ വീട്ടിലേക്ക് പോയ ദിവസമാണ് ഇവര്‍ കൃത്യത്തിനായി തെരഞ്ഞെടുത്തത്. പെണ്‍കുട്ടി നല്‍കിയ വിവരം അനുസരിച്ച് വ്യാഴാഴ്ച പുലര്‍ച്ചയോടെ യുവാവ് ബൈക്കില്‍ ഇവരുടെ വീട്ടിലെത്തി. വീട്ടിലെ സിസിടിവി ക്യാമറകള്‍ പെണ്‍കുട്ടി നേരത്തെ തന്നെ ഓഫാക്കിയിരുന്നു. യുവാവിന് വാതില്‍ തുറന്ന് നല്‍കിയ ശേഷം പുലര്‍ച്ചെ നാലരയോടെ വളര്‍ത്തു നായയുമായി കുട്ടി വീടിന് പുറത്ത് നടക്കാനിറങ്ങുകയും ചെയ്തു. നായ കുരച്ച് ശബ്ദം ഉണ്ടാക്കാതിരിക്കാനായിരുന്നു ഇത്.
വീടിനുള്ളില്‍ കടന്ന യുവാവ് കാമുകിയുടെ അമ്മയെയാണ് ആദ്യം ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്നു ഇവരുടെ തലയ്ക്കാണ് വെട്ടിയത്. തുടര്‍ന്ന് മുഖത്ത് നാല് തവണയോളം കുത്തുകയും ചെയ്തു. ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും തലയ്ക്കും കൈക്കും ആഴത്തില്‍ വെട്ടേറ്റ് ഇയാളും കുഴഞ്ഞുവീണു. ഇതിനിടെ പുലര്‍ച്ചെ പെണ്‍കുട്ടിയെ വീടിന് പുറത്ത് കണ്ട പ്രദേശവാസികള്‍ക്ക് സംശയം ഉണ്ടായി. വീടിനുള്ളില്‍ ഒച്ചയും ബഹളവും എന്താണെന്ന് ഇവര്‍ തിരക്കിയെങ്കിലും മാതാപിതാക്കള്‍ വഴക്കിടുകയാണെന്നായിരുന്നു മറുപടി.
തുടര്‍ന്ന് പട്ടിയെ വീടിന്റെ ഗേറ്റില്‍ കെട്ടിയിട്ട ശേഷം അകത്തു കയറിയ പെണ്‍കുട്ടി, കാമുകനുമായി ചേര്‍ന്ന് മാതാപിതാക്കളുടെ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മൂടി. വീട്ടിലുണ്ടായിരുന്ന 1.19 ലക്ഷം രൂപയും എടുത്ത് ഇയാളുമായി കടന്നു കളയുകയായിരുന്നു. അച്ഛനെതിരെ ആരോപണം ഉന്നയിച്ച് കത്തും എഴുതി വച്ചായിരുന്നു ഒളിച്ചോട്ടം. പെണ്‍കുട്ടിയുടെ കാമുകനായ ഇരുപതുകാരന്‍ തൊഴില്‍രഹിതന്‍ ആയിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയും ഇരുവരും തമ്മില്‍ കാണുന്നത് വിലക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സ്വതന്ത്ര്യരായി ജീവിക്കാനാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.
പെണ്‍കുട്ടിയുടെ സഹോദരനായ പതിനെട്ടുകാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates