പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പിന്നാലെ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

2024ലെ ലോക്‌സഭാ ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ബിജെപി മുഖ്യമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തുന്നു
ബിജെപി മുഖ്യമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തുന്നു
Updated on
2 min read


ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനങ്ങളില വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കി. 2024ലെ ലോക്‌സഭാ ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍, നാഗാലാന്‍ഡ് മുഖ്യമന്ത്രി  യാന്തുങ്കോ പാറ്റണ്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു,

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് യോഗം ചേരുന്നത്. വൈവിധ്യത്തിന്റെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശസ്തംഭവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്. അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും. ആധുനികതയും പാരമ്പര്യവും സഹവര്‍ത്തിത്തത്തോടെ സമ്മേളിക്കുന്ന മന്ദിരമാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച മെയ് 28 ചരിത്രത്തില്‍ രേഖപ്പെടുത്തും. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മൂഹൂര്‍ത്തമാണിത്. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യാക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്.

ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഭാരതത്തിന്റെ യാത്ര ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാരതം മുന്നോട്ടു കുതിച്ചാലോ ലോകവും മുന്നോട്ടു കുതിക്കൂ. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പവിത്രമായ ചെങ്കോലിന്റെ മഹത്വം നാം വീണ്ടെടുത്തു. ചോള സാമ്രാജ്യത്വത്തില്‍ ചെങ്കോല്‍ കര്‍ത്തവ്യനിര്‍വഹണത്തിന്റെ പ്രതീകമാണ്. ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചു. പാര്‍ലമെന്റ് നടപടികള്‍ക്ക് ചെങ്കോല്‍ സാക്ഷിയാകും. ചെങ്കോല്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പുതിയ പാര്‍ലമെന്റില്‍ നിര്‍മ്മിക്കുന്ന ഓരോ നിയമവും പാവങ്ങള്‍ക്കു വേണ്ടിയാകും. ഓരോ തീരുമാനങ്ങളും ജനനന്മ ലക്ഷ്യമിട്ടാകും. നിര്‍ധനരെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. വികസിത ഇന്ത്യ എന്ന ലക്ഷ്യം വെച്ചുള്ള തീരുമാനങ്ങളുണ്ടാകും. പുതിയ പാര്‍ലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് വീടും ശുചിമുറിയും നിര്‍മിച്ചതിലും സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് വായിച്ചു. ഈ നിമിഷം സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതി സന്ദേശത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ അടയാളപ്പെടുത്തിയുള്ള 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com