അനിശ്ചിതത്വങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ട്; നാളെ നിയമസഭാകക്ഷിയോഗം

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുംബൈ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം
maharashtra
ഫഡ്നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവർ പിടിഐ
Updated on
2 min read

മുംബൈ: മഹായുതി സഖ്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ , മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി ബിജെപി മുന്നോട്ട്. ശിവസേന നേതാവും നിലവിലെ കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുന്നതില്‍ കടുംപിടുത്തം തുടരുന്നതാണ് മഹായുതി സര്‍ക്കാര്‍ രൂപീകരണത്തെ അനിശ്ചിതത്വത്തിലാക്കിയത്. നിയമസഭയിലേക്ക് വിജയിച്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗം നാളെ ചേരാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

നിയമസഭ കക്ഷിയോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുംബൈ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപി തീരുമാനം. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുംബൈയില്‍ തിരിച്ചെത്തിയ ശേഷം തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഷിന്‍ഡെ അപ്രതീക്ഷിതമായി നാട്ടിലേക്ക് പോയതോടെ യോഗം റദ്ദാക്കുകയായിരുന്നു.

നിലവില്‍ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെ, ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ വിസമ്മതിച്ചതാണ് ചര്‍ച്ച അനിശ്ചതത്വത്തിലാക്കിയത്. മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ബിജെപി തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രി പദം വിട്ടു നല്‍കുന്നതിന് പകരം ആഭ്യന്തരം, നഗരവികസനം എന്നീ വകുപ്പുകള്‍ വേണമെന്നാണ് ഷിന്‍ഡെ ആവശ്യം ഉന്നയിക്കുന്നത്. തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശ്രീകാന്ത് ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്.

തൊണ്ടവേദനയും ശാരീരിക അസ്വാസ്ഥ്യവും കാരണമാണ് ഏക്‌നാഥ് ഷിന്‍ഡെ ജന്മനാട്ടില്‍ തന്നെ തങ്ങുന്നതെന്നാണ് ശിവസേന നേതാക്കള്‍ പറയുന്നത്. അതേസമയം വകുപ്പ് വിഭജനത്തില്‍ ബിജെപി നിര്‍ബന്ധം പിടിക്കുന്നതിലെ അതൃപ്തി ശിവസേനാ നേതാക്കള്‍ സൂചിപ്പിച്ചു. ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയിലാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിനായി നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് ആഭ്യന്തരം, ധനകാര്യം പോലുള്ള സുപ്രധാന വകുപ്പുകള്‍ വിട്ടുനല്‍കാന്‍ മര്യാദ കാണിക്കേണ്ടതാണ്. 41 എംഎല്‍എമാരുള്ള എന്‍സിപിയുടെ നേതാവ് അജിത് പവാറിന് ധനകാര്യ വകുപ്പ് നല്‍കാമെന്ന് വാഗ്ദാനം നല്‍കാമെങ്കില്‍, 57 എംഎല്‍എമാരുള്ള ശിവസേനയ്ക്ക് എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് നല്‍കിക്കൂടായെന്നും ശിവസേനാ നേതാവ് ചോദിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തീയതിയും സ്ഥലവും ബിജെപി പ്രഖ്യാപിച്ചപ്പോള്‍, ശിവസേനയുമായി കൂടിയാലോചിച്ചില്ല. ശിവസേന മഹായുതി സര്‍ക്കാരിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശിവസേന വേണോ വേണ്ടയോ എന്ന് ബിജെപി വ്യക്തമാക്കണം. ബിജെപിയുടെ പെട്ടെന്നുള്ള മാറ്റം നിഗൂഡമാണ്. ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിലപാടെടുത്ത ഷിന്‍ഡെയുടെ ത്യാഗത്തെയും ധൈര്യത്തെയും ബിജെപി ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത് പറഞ്ഞു. പുതിയ മഹായുതി സര്‍ക്കാരില്‍ മാന്യമായ പദവിയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഷിര്‍സാത് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com