

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാൻവാപി മസ്ജിദ് മതപരമായ മറ്റേതെങ്കിലും മന്ദിരത്തിന് മാറ്റം വരുത്തിയാണോ സ്ഥാപിച്ചതെന്ന് പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) കോടതി നിർദ്ദേശിച്ചു. വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി അശുതോഷ് തിവാരിയുടേതാണ് ഉത്തരവ്.
അഭിഭാഷകൻ വിജയ്ശങ്കർ രസ്തോഗിയും മറ്റ് മൂന്ന് പേരും നൽകിയ വ്യവഹാരങ്ങളിലാണ് നടപടി. തർക്കഭൂമി എന്ന് വാദിക്കുന്നിടത്ത് റവന്യൂ രേഖകൾ പ്രകാരം മസ്ജിദാണു സ്ഥിതി ചെയ്യുന്നതെന്നും അതിനാൽ പരിശോധന ആവശ്യമില്ലെന്നുമുള്ള മസ്ജിദ് ഭരണ സമിതിയുടെ വാദം കോടതി തള്ളി.
മുഗൾ ചക്രവർത്തി ഔറംഗസേബ് 1669ൽ ഏപ്രിൽ 18ന് നൽകിയ ഉത്തരവു പ്രകാരം ശിവ ക്ഷേത്രം തകർത്ത ശേഷം മസ്ജിദ് നിർമിച്ചെന്നാണ് 1991ൽ ഫയൽ ചെയ്ത വ്യവഹാരങ്ങളിലെ വാദം. 12 ജ്യോതിർ ലിംഗങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം തിരികെ നൽകണമെന്നും ആവശ്യപ്പെടുന്നു.
1991ലെ ആരാധനാസ്ഥല നിയമപ്രകാരമുള്ള വിലയ്ക്ക് കാശിയിലെ തർക്കത്തിന് ബാധകമല്ലെന്ന് 1997ൽ സിവിൽ കോടതി വിധിച്ചു. ഇതിനെതിരെയുള്ള അപ്പീൽ തീർപ്പാക്കിയ റിവിഷണൽ കോടതി കക്ഷികളിൽ നിന്നു തെളിവു ശേഖരിച്ച ശേഷം മാത്രം കേസ് തീർപ്പാക്കാൻ കോടതി നിർദ്ദേശിച്ചു.
നേരിട്ടുള്ള തെളിവു നൽകാൻ ഇരുപക്ഷത്തിനും സാധിക്കാത്ത സ്ഥിതിയിൽ സത്യം കണ്ടത്തേണ്ടതു കോടതിയുടെ ബാധ്യതയെന്നു വ്യക്തമാക്കിയാണ് സർവേ നടത്താനുള്ള നിർദ്ദേശം.
സർവേ നടത്താൻ പുരാവസ്തു ശാസ്ത്ര വിദഗ്ധരായ അഞ്ച് പേരുടെ സമിതിയെ എഎസ്ഐ ഡയറക്ടർ ജനറൽ നിയോഗിക്കണം. ഇതിൽ രണ്ട് പേർ ന്യൂനപക്ഷ സമുദായത്തിൽ നിന്നാകുന്നത് ഉചിതം. സമിതിയെ നിരീക്ഷിക്കാൻ ഏതെങ്കിലും കേന്ദ്ര സർവകലാശാലയിൽ നിന്നുള്ള വിദഗ്ധനെ നിയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 31 വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates