

ചെന്നൈ: പിണറായി വിജയനെയും കേരളത്തിലെ സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ മുഖപത്രം മുരശൊലിയില്‍ ലേഖന പരമ്പര. വിഴിഞ്ഞം ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം നില്‍ക്കുന്ന പിണറായിയുടെ ചിത്രവും മുരശൊലിയിലെ ലേഖനത്തില്‍ ഉള്‍പ്പെടുത്തി, തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞെന്ന ചോദ്യം ഉന്നയിക്കുകയാണ്.
പിണറായിയുടെ നവകേരള രേഖ പരാമര്‍ശിച്ച്, സിപിഎമ്മിന്റെ സാമ്പത്തിക നയം എന്തെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. വ്യവസായവകുപ്പ് മന്ത്രിയായിരുന്ന പി രാജീവിനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസിന്റെ നയത്തെ ചോദ്യം ചെയ്ത് കേരളത്തിലെ സിപിഎം എത്തിയതിനു പിന്നാലെയാണ് സിപിഎമ്മിനെ ആക്ഷേപിച്ച് മുരശൊലിയില്‍ ലേഖനം വരുന്നതെന്നത് ശ്രദ്ധേയമാണ്.
ഏതാനും നാളായി സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ഷണ്‍മുഖവും ഡിഎംകെ നേതാക്കളും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ഡിഎംകെയുടെ നവ ഉദാരവത്കരണ നയങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് ഷണ്‍മുഖം ആരോപിച്ചിരുന്നു. ഇതിനെതിരെ ഡിഎംകെ നേതാക്കള്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി. എംകെ സ്റ്റാലിന്റെ അനുവാദത്തോടെയല്ല ടിവികെയ്ക്ക് സിപിഎം പിന്തുണ നല്‍കിയതെന്നും ഡിഎംകെ നേതാക്കള്‍ ആരോപിച്ചു. ഇതിനിടെയാണ് പാര്‍ട്ടിയുടെ മുഖപത്രമായ മുരശൊലിയില്‍ ഷണ്‍മുഖത്തെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പരമ്പര പ്രസിദ്ധീകരിച്ചത്. ഇതിലാണ് കേരളത്തിലെ തോല്‍വിയും പ്രതിപാദിക്കുന്നത്.
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 'നവകേരളത്തിനായുള്ള നവവഴികള്‍' എന്ന പേരില്‍ പിണറായി വിജയന്‍ വികസന രേഖ അവതരിപ്പിച്ചതടക്കം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ വിഭവങ്ങള്‍ അദാനിക്കടക്കം കൈമാറിയത് ഇടത് സര്‍ക്കാരാണ്. സിപിഎം മുതലാളിത്തത്തെ എതിര്‍ക്കുമ്പോഴും, ബിര്‍ളയെ അടക്കം കേരളത്തിലേക്ക് ക്ഷണിച്ച് വരുത്തിയത് തങ്ങളാണെന്ന് പിണറായി വിജയന്റെ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന പി രാജീവ് തന്നെ ചെന്നൈയിലെത്തി പ്രസംഗിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയം ഇങ്ങനെ ആയതുകൊണ്ടാണ് ജനം തൂത്തെറിഞ്ഞതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇത്തരത്തിലുള്ള സിപിഎമ്മിന് എങ്ങനെയാണ് ഡിഎംകെയെ വിമര്‍ശിക്കാനാകുക എന്നും ലേഖനം ചോദിക്കുന്നു. ലേഖനവുമായി ബന്ധപ്പെട്ട് ഡിഎംകെയെ വിമര്‍ശിച്ച് ടിവികെ രംഗത്തെത്തി. കരുണാനിധി ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ എഴുതാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്‌മോഹന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates