

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള വിവാദങ്ങള്‍ക്കിടെ, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്' വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു പൊതു അതോറിറ്റി അല്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
സര്‍ക്കാര്‍ അംഗീകൃത പദ്ധതിയിലൂടെ രൂപീകരിച്ച, പാര്‍ലമെന്ററി നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ സ്ഥാപിച്ച, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഭരണസമിതിയില്‍ ഉള്‍പ്പെടുന്നതാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. അതിനെ സ്വയംഭരണ സ്ഥാപനമായി വിശേഷിപ്പിച്ച്, വിവരാവകാശ നിയമത്തിന്റെ പരിധിക്ക് വെളിയില്‍ നിര്‍ത്തുന്നത് വിവേകശൂന്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അതുല്യമായ പൊതുജനവിശ്വാസം അര്‍പ്പിക്കപ്പെടുന്ന ട്രസ്റ്റുകള്‍ സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്ന മുന്‍നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് അയച്ച കത്ത് ജോണ്‍ ബ്രിട്ടാസ് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ട്രസ്റ്റ് വിവരാവകാശ (RTI) നിയമത്തിലെ സെക്ഷന്‍ 2(h) പ്രകാരമുള്ള ഒരു 'പൊതു അതോറിറ്റി' അല്ലെന്നു പ്രസ്താവിക്കുന്ന, 2025 ജൂണ്‍ 6-ലെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാണിച്ചുകൊണ്ട്, ഈ തീരുമാനം പ്രധാനമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടിനെ ആശ്രയിച്ചുള്ളതായിരുന്നു എന്ന് ബ്രിട്ടാസ് പറഞ്ഞു. സുതാര്യതയുടെയും പൊതു ഉത്തരവാദിത്തത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തി മന്ത്രാലയം തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ട്രസ്റ്റിന്റെ ഉത്ഭവം സവിശേഷമായ ഒന്നാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. 2019 നവംബറിലെ സുപ്രീം കോടതിയുടെ അയോധ്യ വിധിക്ക് പിന്നാലെ, ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുകയും, ഗസറ്റ് വിജ്ഞാപനത്തിലൂടെ ട്രസ്റ്റ് രൂപീകരിക്കുകയും, ഏറ്റെടുത്ത ഭൂമി അതിന് കൈമാറുകയും ചെയ്തു. ട്രസ്റ്റിന്റെ പ്രാരംഭ ഘടനയില്‍ 15 അംഗങ്ങളാണ് ഉണ്ടായിരുന്നതെന്നും, അതില്‍ 12 പേരെ കേന്ദ്രസര്‍ക്കാരാണ് നാമനിര്‍ദ്ദേശം ചെയ്തതെന്നും ബാക്കി മൂന്ന് പേരെ അതിന്റെ ആദ്യ യോഗത്തില്‍ തെരഞ്ഞെടുത്തതാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും കേന്ദ്രം സ്വത്ത് വകകള്‍ കൈമാറുകയും ചെയ്ത ഒരു ട്രസ്റ്റ്, വിവരാവകാശ നിയമപ്രകാരം വിഭാവനം ചെയ്യുന്ന ഉത്തരവാദിത്ത ചട്ടക്കൂടിന് പുറത്ത് നില്‍ക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യമെന്ന് ബ്രിട്ടാസ് പറഞ്ഞു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നതിനാല്‍, ഈ ട്രസ്റ്റ് ഒരു സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ സ്ഥാപിതമാകുകയോ രൂപീകരിക്കുകയോ ചെയ്തതായി കണക്കാക്കാന്‍ കഴിയില്ലെന്ന സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ വ്യാഖ്യാനത്തെയും ബ്രിട്ടാസ് ചോദ്യം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates