പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ബങ്കിപുരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്
Prashant Kishor
പ്രശാന്ത് കിഷോര്‍File Photo
Updated on
2 min read

പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിഹാറിലെ ബങ്കിപുര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഞായറാഴ്ച പട്‌നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോര്‍ തന്റെ തെരഞ്ഞെടുപ്പ് പ്രവേശനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി അളക്കുന്ന 'ജനഹിതപരിശോധന' ആയിരിക്കുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

'ബിഹാറിലെ ഏറ്റവും ധനികരും വിദ്യാസമ്പന്നരുമായ ആളുകളാണ് ബങ്കിപുരിലുള്ളത്. അവര്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യട്ടെ. അവര്‍ക്ക് എന്നില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുമെന്ന് തോന്നുകയാണെങ്കില്‍ എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. എന്റെ പാര്‍ട്ടിയിലെ ഏക എംഎല്‍എയായി സഭയില്‍ എത്തിയാല്‍ പോലും, ബാക്കിയുള്ള 242 അംഗങ്ങളേക്കാള്‍ സ്വാധീനം എനിക്കുണ്ടാകും. രണ്ടുമാസം മാത്രം പ്രായമുള്ള സമ്രാട്ട് ചൗധരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ജനഹിതപരിശോധനയായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. ബിജെപി ജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ജനപിന്തുണയുണ്ടെന്ന് സമ്മതിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. എന്നാല്‍ ജന്‍ സുരാജ് ആണ് ജയിക്കുന്നതെങ്കില്‍ അവര്‍ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടി വരും' -പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നിലവിലെ ബിഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരെ 48കാരനായ പ്രശാന്ത് കിഷോര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ജനവിധിയില്ലാതെയാണ് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജനവിധി തേടിയത് ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് നിതീഷ് കുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് സമ്രാട്ട് ചൗധരി ആ പദവിയിലെത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന നിതിന്‍ നബിന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ബങ്കിപുരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച ഉപതെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജന്‍ സുരാജ് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി പ്രശാന്ത് കിഷോര്‍ മത്സരിക്കുമെന്ന തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ആരംഭിക്കും, ജൂലൈ 13 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 30നാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 3ന് വോട്ടെണ്ണും.

1990കള്‍ മുതല്‍ ബിജെപിയുടെ ശക്തമായ കോട്ടയാണ് ബങ്കിപുര്‍ മണ്ഡലം. എന്നാല്‍ ബിജെപി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന പ്രതിപക്ഷ സഖ്യവും സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. അതേസമയം, ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ജന്‍ശക്തി ജനതാദള്‍ രൂപീകരിച്ച മുന്‍ ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്, സാമൂഹ്യപ്രവര്‍ത്തകയായ വീണാ മാന്‍വിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Prashant Kishor
പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴോട്ട്, 100ന് പുറത്തുതന്നെ; മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ഒന്നാമതുള്ളത് ഈ രാജ്യം
Prashant Kishor
തൃണമുലിലെയും ശിവസേനയിലെയും പിളർപ്പ് ബാധിക്കില്ല; മണ്ഡല പുനർനിർണ്ണയ ബില്ലിനെ പാർലമെന്റിൽ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ്
Prashant Kishor
EXPLAINER|അയോധ്യയിലെ സംഭാവനക്കൊള്ള: 'തിരുപ്പതി മോഡൽ' അയോധ്യക്ക് രക്ഷയാകുമായിരുന്നോ?
Summary

Prashant Kishor to make electoral debut in Bankipur bypoll for Nitin Nabin's seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com