

ന്യൂഡല്‍ഹി: വീണ്ടും അധ്യാപികയായെത്തി കുട്ടികള്‍ക്ക് ക്ലാസ് എടുത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ട്രപതിയായി ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് ദ്രൗപദി മുര്‍മു ഡല്‍ഹിയിലെ പ്രസിഡന്റ് എസ്റ്റേറ്റിലെ ഡോ. രാജേന്ദ്രപ്രസാദ് കേന്ദ്രീയവിദ്യാലത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് എടുത്തത്. ആഗോള താപനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സജീമായി ചര്‍ച്ച ചെയ്ത ക്ലാസ് മുറിയില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ട വിവിധ മാര്‍ഗങ്ങള്‍ രാഷ്ട്രപതി നിര്‍ദേശിക്കുകയും ചെയ്തു.
കുട്ടികളുമായി സംസാരിക്കുന്നതിനിടെ, രാഷ്ട്രപതി തന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാല അനുഭവങ്ങളും പങ്കുവച്ചു. ഗ്രാമത്തില്‍ നിന്ന് താന്‍ ഡല്‍ഹിയിലേക്ക് എത്തിയപ്പോള്‍ എല്ലാവരും മുഖം മൂടി ധരിച്ചാണ് നടക്കുന്നത്. ഇത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണമാണ് വ്യക്തമാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ തടയുന്നതിനായി എല്ലാവരും കൂട്ടായി പരിശ്രിക്കണമെന്നും മുര്‍മു പറഞ്ഞു. ജലസംരക്ഷണത്തിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം. മഴവെള്ള സംഭരണികള്‍ ഉണ്ടാക്കി ജലം സംരക്ഷിക്കുകയും വേണം മുര്‍മു കുട്ടികളോട് പറഞ്ഞു.
താന്‍ എഴാം ക്ലാസ് വരെ പഠിച്ച ഗ്രാമത്തിന്റെ അവസ്ഥയും അവര്‍ കുട്ടികളോട് വിശദീകരിച്ചു. അന്ന് ഗ്യാസ് ഒന്നും ഉണ്ടായിരുന്നില്ല. തന്റെ പിതാവ് അടുത്തുള്ള വനത്തില്‍ പോയി വിറകുകള്‍ ശേഖരിച്ച് കൊണ്ടുവന്ന ശേഷമാണ് ഭക്ഷണം ഉണ്ടാക്കിയത്. വലിയ മരത്തടികള്‍ ചെറിയ ചെറിയ കഷണങ്ങളാക്കിയാണ് അവ അടുപ്പില്‍ വച്ചത്. പിതാവ് ഒരു മരം മുറിക്കാനോ, അതില്‍ നിന്ന് വിളവെടുക്കാന്‍ തയ്യാറാകുമ്പോഴെല്ലാം ആദ്യം മരത്തെ വണങ്ങുമായിരുന്നു. മരത്തോട് ക്ഷമ ചോദിച്ച ശേഷമെ അവ മുറിക്കാറുണ്ടായിരുന്നുള്ളുവെന്നും മുര്‍മു പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭൂമിയെ അമ്മയെയായി ബഹുമാനിക്കുന്നതിന്റെ കാരണവും അവര്‍ കുട്ടികളോട് വിശദീകരിച്ചു. മണ്ണില്‍ കുഴിയെടുക്കാനോ, മറ്റ് പണിയെടുക്കുന്നതിനോ മുന്‍പായി അച്ഛന്‍ ഭൂമിയെ കുമ്പിടുമായിരുന്നു. ഇതിനെ കുറിച്ച് താന്‍ കുട്ടിയായപ്പോള്‍ അച്ഛനോട് ചോദിച്ചിരുന്നു. ഭൂമി മനുഷ്യരാശിക്ക് അമ്മയെപ്പോലെയാണെന്നും ജീവിതത്തിന് ആവശ്യമായതെല്ലാം അത് നല്‍കുന്നുണ്ടെന്നുമായിരുന്നു മറുപടിയെന്നും മുര്‍മു പറഞ്ഞു.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനിച്ച മുര്‍മു 2022 ജൂലൈ 25 ന് ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയാകുന്നതിന് മുമ്പ് 2015 മുതല്‍ 2021 വരെ അവര്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates