

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അന്ന് അർധരാത്രി മുതൽ നിരോധിച്ചതായി പ്രഖ്യാപിച്ചു.
കള്ളപ്പണവും കള്ളനോട്ടും തടയുക, കറൻസി നോട്ടിന്റെ കൈമാറ്റം കുറച്ച് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ നിരത്തിയാണ് നോട്ട് നിരോധനം നടപ്പാക്കിയത്. അതേസമയം ഈ നീക്കം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ.
2016 നവംബര്‍ 8-ന് ആളുകളുടെ കൈയിൽ 17.97 ലക്ഷം കോടി രൂപ
ആർബിഐയുടെ കണക്ക് അനുസരിച്ച് 2016 നവംബര്‍ 8-ന് 17.97 ലക്ഷം കോടി രൂപയായിരുന്നു ആളുകളുടെ കൈകളിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ എട്ടാം തിയതി പുറത്തുവന്ന ആർബിഐയുടെ കണക്കനുസരിച്ച് ഇപ്പോൾ ആളുകളുടെ കയ്യിലുള്ള പണം 29.12 ലക്ഷം കോടി രൂപക്ക് മുകളിലാണ്. അതായത് 2016-നെക്കാൾ 64 ശതമാനം കൂടുതൽ.
99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി
നോട്ട് നിരോധനം നടപ്പാക്കുന്നതുവഴി കള്ളപ്പണം തുടച്ചുനീക്കപ്പെടുന്നതോടെ ആളുകളുടെ കൈയിലുള്ള പണം 14 ലക്ഷം കോടി രൂപയിലേക്ക് ചുരുങ്ങുമെന്നാണ് സർക്കാർ കരുതിയത്. നാല് ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നും ഈ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമെന്നുമായിരുന്നു വാദം. പക്ഷെ 99.3 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates