ചണ്ഡീഗഡ്: ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 100 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് വെറും 22 ഇടത്ത് മാത്രമാണ് ജയിക്കാനായത്. ആം ആദ്മി പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ പറ്റി. 100 സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച എഎപി, 15 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയും പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ചില്ല.
ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും (ഐഎന്‍എല്‍ഡി) തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 2024ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കും.
അതേസമയം, പാര്‍ട്ടി പിന്തുണച്ച 150ന് മുകളില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതായി ബിജെപി അവകാശപ്പെട്ടു. ആദംപുരിലെ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്‌ണോയ് ആണ് ആദംപുരില്‍ വിജയിച്ചത്. 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.
പാഞ്ച്കുളയിലും സിര്‍സയിലും മത്സരിച്ച എല്ലാ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപി നയാബ് സിങ് സൈനിയുടെ ഭാര്യ സുമന്‍ സൈനിയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ ജില്ലയായ അംബാലയിലും ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നു. 15 സീറ്റുള്ള ഇവിടെ രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. ഗുരുഗ്രാമില്‍ നാലിടത്ത് വിജയിച്ചു.
യമുന നഗര്‍, നുഹ്, കുരുക്ഷേത്ര എന്നിവിടങ്ങളിലാണ് ബിജെപിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.
പതിനഞ്ച് ജില്ലകളിലായി ബിജെപി പിന്തുണയുള്ള 151 പേര്‍ വിജയിച്ചെന്നും 126 സ്വതന്ത്രര്‍ക്ക് ബിജെപി പിന്തുണയുണ്ടായിരുന്നെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് ശര്‍മ പറഞ്ഞു.അതേസമയം, മികച്ച മുന്നേറ്റമാണ് എഎപി കാഴ്ചവച്ചത്. സിര്‍സയില്‍ എഎപിക്ക് ആറ് സീറ്റുകള്‍ ലഭിച്ചു. അംബാലയില്‍ മൂന്നിടത്തും വിജയിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആശംസകള്‍ നേര്‍ന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലകഷ്യമിട്ട് എഎപി ഹരിയാനയില്‍ പ്രചരാണം ആരംഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അരവിന്ദ് കെജരിവാളുംം ഹരിയാനയില്‍ എത്തിയിരുന്നു.
ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന് പത്ത് സീറ്റുകള്‍ നേടാനായി. ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാലയുടെ മകന്‍ കരണ്‍ ചൗട്ടാല സിര്‍സയിലെ വാര്‍ഡ് നമ്പര്‍ 6ല്‍ നിന്ന് 600 വോട്ടുകള്‍ക്ക് വിജയിച്ചു. 72 സീറ്റുകളാണ് ഐഎന്‍എല്‍ഡി മത്സരിച്ചത്. 143 പഞ്ചായത്ത് സമിതികളിലേക്കും 22 സില പരിഷത്തുകളിലേക്കും മൂന്നു ഘട്ടമായണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates