'തമിഴ്നാടിന് സീറ്റ് കുറയാതിരിക്കാൻ എത്രയുംവേ​ഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ'; നവദമ്പതികളോട് അഭ്യര്‍ഥിച്ച് എം കെ സ്റ്റാലിന്‍

മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ, നവദമ്പതികളോട് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
Have children quickly after wedding, see population's link to MPs: CM Stalin
എം കെ സ്റ്റാലിന്‍ഫയല്‍
Updated on
1 min read

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ, നവദമ്പതികളോട് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തെ പരിഹസിച്ച് സ്റ്റാലിന്‍ രംഗത്തുവന്നത്.

അധികം വൈകിക്കാതെ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പറഞ്ഞ സ്റ്റാലിന്‍, കുഞ്ഞുങ്ങള്‍ക്ക് നല്ല തമിഴ് പേരുകള്‍ നല്‍കാനും അഭ്യര്‍ഥിച്ചു. കുടുംബാസൂത്രണത്തില്‍ നാം വിജയിച്ചതിനാലാണ് ഇപ്പോള്‍ ഇങ്ങനൊരു സാഹചര്യത്തില്‍ എത്തിപ്പെട്ടത്. അതുകൊണ്ടാണ് നവദമ്പതികളോട് ഉടന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

'വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതേ കാര്യം ഉപദേശിക്കേണ്ടതില്ല. അതിന്റെ ആവശ്യമില്ല. ഇപ്പോള്‍ ഒരു സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. അതനുസരിച്ച് ഉയര്‍ന്ന ജനസംഖ്യയ്ക്ക് മാത്രമേ കൂടുതല്‍ എംപിമാരെ ഉറപ്പാക്കാന്‍ കഴിയൂ. കാരണം അതിര്‍ത്തി നിര്‍ണ്ണയം ജനസംഖ്യാടിസ്ഥാനത്തിലായിരിക്കും. ജനസംഖ്യാ നിയന്ത്രണത്തില്‍ തമിഴ്നാട് ശ്രദ്ധ ചെലുത്തി വിജയിച്ചു, അതാണ് ഇന്നത്തെ സംസ്ഥാനത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം,' -സ്റ്റാലിന്‍ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കപ്പെട്ടാല്‍, തമിഴ്നാടിന് ഒന്‍പത് ലോക്സഭാ സീറ്റുകള്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനസംഖ്യാവര്‍ധനയുടെ നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറവുമാണ്. ഈ സാഹചര്യത്തില്‍ ജനസംഖ്യാനിരക്ക് ഏകീകരിച്ച് മണ്ഡലം പുനഃസംഘടിപ്പിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സീറ്റ് കുറയും. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടില്‍ ഒന്‍പത് സീറ്റ് കുറയുമെന്ന് സ്റ്റാലിന്‍ പറയുന്നത്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് അഞ്ചാം തീയതി, സ്റ്റാലിന്‍ തമിഴ്നാട്ടില്‍ സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com