

യുക്രൈനില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യര്‍ത്ഥി നവീന്‍ കുടുംബാംഗങ്ങളുമായി അവസാനം നടത്തിയ വിഡിയോ കോള്‍ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നു. സുരക്ഷിതനായി ഇരിക്കണമെന്നും, താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ ഇന്ത്യയുടെ പതാക കെട്ടണമെന്നും വീട്ടുകാര്‍ നവീനോട് ആവശ്യപ്പെടുന്നുണ്ട്. ധൈര്യമായിരിക്കണമെന്നും വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കണമെന്നും വീട്ടുകാര്‍ പറയുന്നതും കേള്‍ക്കാം.
കാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സമീപത്തെ കടയ്ക്കു മുന്നില്‍ വരി നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം ഉണ്ടായത്. കാര്‍കീവിലെ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യംവച്ചു നടത്തിയ ഷെല്ലാക്രണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
'ഈ ഫോണിന്റെ ഉടമസ്ഥനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നിടത്തേക്ക് കൊണ്ടുപോവുകയാണ്'
യുക്രൈന്‍ സ്വദേശിയായ യുവതിയാണ് മരണവിവരം ആദ്യം അറിയിച്ചതെന്ന് പൂജ പ്രഹരാജ് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കോഓര്‍ഡിനേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നവീനെ വിളിച്ചപ്പോള്‍ യുക്രൈന്‍ സ്വദേശിനിയാണ് ഫോണെടുത്തത്. ഈ ഫോണിന്റെ ഉടമസ്ഥനെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നിടത്തേക്ക് കൊണ്ടുപോകുകയാണെന്നാണ് അവര്‍ പറഞ്ഞത്' പൂജ പറഞ്ഞു.
നവീന്റെ കുടുംബവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. നവീന്റെ പിതാവ് ശേഖര്‍ ഗൗഡയുമായി സംസാരിച്ച പ്രധാനമന്ത്രി കുടുംബത്തെ അനുശോചനം അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും നവീന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടു.
യുക്രൈനില്‍ സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനമായ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച് പുറത്തു കടക്കാനാണ് നിര്‍ദേശം നല്‍കിയത്.
കീവ് പിടിച്ചടക്കാനായി റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയത്. നഗരത്തില്‍ വ്യോമാക്രമണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates