

ന്യൂഡല്‍ഹി: കോവിഡിനെതിരെ തങ്ങള്‍ വികസിപ്പിച്ച കോറോനില്‍ ടാബ്‌ലെറ്റിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചതായുള്ള പതഞ്ജലിയുടെ അവകാശവാദത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡിനെതിരെ കോറോനില്‍ ഫലപ്രദമെന്നതിന് തെളിവുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കോവിഡിനെതിരെ കോറോനില്‍ ഫലപ്രദമെന്ന് അവകാശപ്പെടുന്ന ഗവേഷണ പ്രബന്ധം പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് ഫെബ്രുവരി 19ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ചികിത്സയ്ക്ക് ഒരു പരമ്പരാഗത മരുന്നും ഫലപ്രദമാണ് എന്ന തരത്തില്‍ അംഗീകാരം നല്‍കിയിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തുവന്നത്.
അശാസ്ത്രീയമായി നിര്‍മ്മിച്ച വ്യാജ ഉല്‍പ്പന്നത്തിന്റെ പുറത്തിറങ്ങല്‍ ചടങ്ങിനെ ആരോഗ്യമന്ത്രി എന്ന നിലയില്‍ ഹര്‍ഷവര്‍ധന്‍ എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചോദിച്ചു. കോവിഡിനെതിരെയുള്ള ഉല്‍പ്പന്നം എന്ന് അവകാശപ്പെടുന്ന കോറോനിലിന്റെ പരീക്ഷണത്തിന്റെ സമയക്രമം വിശദമാക്കാനും ആരോഗ്യമന്ത്രിയോട് ഐഎംഎ ആവശ്യപ്പെട്ടു.
മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയാന്‍ ഹര്‍ഷവര്‍ധന്‍ തയ്യാറാകണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ അപമാനിച്ചതില്‍ വിശദീകരണം ചോദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് കത്തയച്ചതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണകേട്ട് ഞെട്ടിയതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
കോറോനില്‍ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായുള്ള പ്രഖ്യാപന ചടങ്ങിലാണ് ഹര്‍ഷവര്‍ധന്‍ പങ്കെടുത്തത്. കോവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ച ആദ്യ മരുന്നാണ് കോറോനില്‍ എന്ന് അവകാശപ്പെടുന്ന ഗവേഷണ പ്രബന്ധം പുറത്തിറക്കിയതും മന്ത്രി പങ്കെടുത്ത ചടങ്ങിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates