

ന്യൂഡല്‍ഹി: യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസ നടപടി. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ ഇളവു നല്‍കുമെന്ന് അറിയിച്ചുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. മൂന്നാംവര്‍ഷ പരീക്ഷ നീട്ടിവയ്ക്കും. അവസാന വര്‍ഷ പരീക്ഷ ഒഴിവാക്കി, പഠന മികവ് കണക്കിലെടുത്ത് ഫലം പ്രസിദ്ധീകരിക്കും. തുടര്‍ വിദ്യാഭ്യാസത്തിനുവേണ്ടി ഹംഗറി, ചെക് റിപബ്ലിക്, പോളണ്ട്, കസഖിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. യുക്രൈനിലെ സമാന വിദ്യാഭ്യാസ രീതിയാണ് ഈ രാജ്യങ്ങളും പിന്തുടരുന്നത്. അതിനാലാണ് ഇവരുമായി ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
യുക്രൈനില്‍ നിന്ന് പഠനം മുടങ്ങി നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എന്തുനടപടി സ്വീകരിച്ചെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് പോയത് ഗുണകരമായെന്ന് പറഞ്ഞ ജയ്ശങ്കര്‍, ഇന്ത്യ അത്തരത്തില്‍ ഇടപെട്ടതിനാലാണ് യുക്രൈനും അയല്‍ രാജ്യങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് പരിഗണന നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തില്‍ ഇന്ത്യ സമാധാനത്തിന്റെ വശത്താണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയുടെ സമീപനം ദേശീയ താല്‍പ്പര്യങ്ങളും മൂല്യങ്ങളും മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്ത്യ സംഘര്‍ഷത്തിന് എതിരാണ്. രക്തം ചൊരിഞ്ഞും നിരപരാധികളുടെ ജീന്‍ പണയപ്പെടുത്തിയും ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് വേണ്ടത്.'-ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
'ബുച്ചയിലെ കൂട്ടക്കൊലകളെ കുറിച്ചു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ബുച്ചയില്‍ നടന്ന കൂട്ടക്കൊലയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. ഇത് അങ്ങേയറ്റം ഗൗരവമേറിയ വിഷയമാണ്, സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു'- ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates