ന്യൂഡൽഹി: "നിന്നെപ്പോലെ ആയിരക്കണക്കിന് ഭർത്താക്കന്മാരെ എനിക്ക് വെക്കാൻ കഴിയും" എന്ന ഭാര്യയുടെ വാക്കുകൾ ഭർത്താവിനെ മനുഷ്യനെന്ന നിലയിലും പങ്കാളിയെന്ന നിലയിലും അവഹേളിക്കുന്നതും കടുത്ത പ്രകോപനം ഉണ്ടാക്കുന്നതുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഏഴുമാസം ഗർഭിണിയായ ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഏഴു വർഷത്തെ കഠിനതടവായി കുറച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണായക നിരീക്ഷണം. ജസ്റ്റിസുമാരായ വിവേക് അഗർവാൾ, അവനീന്ദ്ര കുമാർ സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പ്രതിയായ ശിവ കഹാർ എന്നയാൾക്ക് ഭാര്യയെ കൊല്ലണമെന്ന മുൻകൂട്ടിയുള്ള പദ്ധതിയോ ആസൂത്രണമോ ഉണ്ടായിരുന്നില്ലെന്നും, തർക്കത്തിനിടയിൽ പെട്ടെന്നുണ്ടായ അതിരൂക്ഷമായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഒരു ഭാര്യ തന്റെ ഭർത്താവിനോട് ഇത്തരമൊരു പരാമർശം നടത്തുമ്പോൾ, അത് അയാളുടെ വിലയില്ലാത്ത അവസ്ഥയെ പരോക്ഷമായി സൂചിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ പശ്ചാത്തലം ഇങ്ങനെ
പ്രോസിക്യൂഷൻ വിവരങ്ങൾ പ്രകാരം, 2021 സെപ്റ്റംബർ 18-നാണ് മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലുള്ള ചൗരൈ ബ്ലോക്കിലെ താമസക്കാരനായ ശിവ കഹാർ ഏഴുമാസം ഗർഭിണിയായ ഭാര്യ കിരണിനെ കൊലപ്പെടുത്തിയത്.
സംഭവദിവസം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ഇതിനിടയിൽ കിരൺ ഭർത്താവിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ ശിവ, സമീപത്തു കിടന്ന കല്ലെടുത്ത് കിരണിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കൊലപാതകത്തിന് ശേഷം ശിവ ഒളിച്ചോടാൻ ശ്രമിച്ചില്ല. പകരം അയാൾ തന്നെ നേരിട്ട് ഭാര്യയുടെ പിതാവിനെ വിവരമറിയിക്കുകയും, പോലീസിൽ വിളിച്ച് കുറ്റം സമ്മതിക്കുകയുമാണുണ്ടായത്. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കേസ് പരിഗണിച്ച ഛിന്ദ്വാര ജില്ലാ കോടതി പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ നിരീക്ഷണവും ഐ.പി.സി സെക്ഷൻ മാറ്റവും
സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ഹൈക്കോടതി, പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ചത് മുൻകൂട്ടി കരുതിയ മാരകായുധങ്ങളല്ലെന്നും അവിടെ കിടന്ന കല്ലാണ് എടുത്തതെന്നും വിലയിരുത്തി. കൂടാതെ, കുറ്റകൃത്യത്തിന് ശേഷം ഇയാൾ തന്നെ പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചതും കോടതി പരിഗണിച്ചു.
ഒരു ഭാര്യ തന്റെ ഭർത്താവിനോട് 'നിന്നെപ്പോലെ ആയിരത്തിനെ എനിക്ക് വെക്കാൻ കഴിയും' എന്ന് പറയുമ്പോൾ, അത് ഭർത്താവിന്റെ വ്യക്തിത്വത്തെയും വിലയെയും ഇല്ലാതാക്കുന്ന പരോക്ഷ പരാമർശമാണ്. മനുഷ്യനെന്ന നിലയിലോ ഭർത്താവെന്ന നിലയിലോ അയാൾക്ക് യാതൊരു വിലയുമില്ലെന്നാണ് അത് അർത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്നുണ്ടായ കടുത്ത പ്രകോപനമായി കണക്കാക്കാം - കോടതി വിലയിരുത്തി.
ഈ സാഹചര്യത്തിൽ പ്രതിക്കെതിരെയുള്ള കുറ്റം ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മാറ്റി, 'കൊലപാതകമല്ലാത്ത നരഹത്യ' എന്ന രീതിയിലേക്ക് കോടതി പുതുക്കി നിശ്ചയിച്ചു. കേസ് ഐ.പി.സി സെക്ഷൻ 304 പാർട്ട്-1 ലല്ല, മറിച്ച് മുൻകൂട്ടി നിശ്ചയിക്കാതെ പെട്ടെന്നുള്ള അറിവോടെയുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷൻ 304 പാർട്ട്-2 ലാണ് വരികയെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് 7 വർഷത്തെ കഠിനതടവും 1,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികമായി കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates