മുംബൈ:കോടികളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 54കാരന്‍ അറസ്റ്റില്‍. ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി മരിച്ചത് താനാണ് എന്ന് വരുത്തി തീര്‍ത്ത് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് 37 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് മഹാരാഷ്ട്ര സ്വദേശി പിടിയിലായത്. പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഭിന്നശേഷിക്കാരനെ ഇയാള്‍ കൊലപ്പെടുത്തിയത്. ഗൂഢാലോചനയില്‍ പങ്കാളിയായ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഹമ്മദ്‌നഗര്‍ ജില്ലയില്‍ ഏപ്രിലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 50 വയസുള്ള ഭിന്നശേഷിക്കാരനെയാണ് ഇവര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത്. മുഖ്യപ്രതി പ്രഭാകര്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ 20 വര്‍ഷം അമേരിക്കയിലാണ് താമസിച്ചിരുന്നത്. അമേരിക്കന്‍ കമ്പനിയില്‍ നിന്ന് 37 കോടി രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇത് തട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
2021 ജനുവരിയില്‍ പ്രഭാകര്‍ നാട്ടിലെത്തി. ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. ഈസമയത്താണ് മറ്റു മൂന്നുപേരുമായി ചേര്‍ന്ന് ഭിന്നശേഷിക്കാരനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. ഇന്‍ഷുറന്‍സ് തുക കിട്ടിയാല്‍ ഇതിന്റെ ഒരു പങ്ക് തരാമെന്ന് വാഗ്ദാനം നല്‍കിയാണ് മറ്റു മൂന്ന് പേരെ പ്രഭാകര്‍ കൂടെ കൂട്ടിയത്. സംശയം തോന്നാതിരിക്കാന്‍ ഗ്രാമത്തില്‍ വാടക വീടെടുത്ത് താമസിക്കാന്‍ തുടങ്ങി. അതിനിടെ കൂട്ടാളികളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാരനെ വിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
50കാരന്റെ മരണം ഉറപ്പാക്കിയ ശേഷം ഇവര്‍ ഉടനെ തന്നെ ഭിന്നശേഷിക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചത് താനാണ് എന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടിയാണ് പ്രഭാകര്‍ ആശുപത്രിയില്‍ 50കാരന്റെ മൃതദേഹം കൊണ്ടുപോയത്. തുടര്‍ന്ന് കൂട്ടാളികളോട് തന്റെ അടുത്ത ബന്ധുക്കളാണ് എന്ന തരത്തില്‍ പെരുമാറാന്‍ പ്രഭാകര്‍ ആവശ്യപ്പെട്ടു. മരിച്ചത് അമേരിക്കയില്‍ നിന്ന് വന്ന പ്രഭാകറാണ് എന്ന് പറഞ്ഞ് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു.
തുടര്‍ന്ന് വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നിയമപരമായ രേഖകള്‍ അമേരിക്കയിലേക്ക് അയച്ചുകൊടുത്തു. അമേരിക്കന്‍ കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് അവിടെയുള്ള മകനാണ് അച്ഛന് വേണ്ടി അപേക്ഷ നല്‍കിയത്. അതിനിടെ ഭിന്നശേഷിക്കാരന്റെ സംസ്‌കാരചടങ്ങുകളും പ്രഭാകര്‍ നടത്തി. എന്നാല്‍ തങ്ങളെ കബളിപ്പിക്കുകയാണ് എന്ന സംശയം തോന്നിയ കമ്പനി ഇക്കാര്യം അന്വേഷിക്കുന്നതിനായി ചിലരെ നിയോഗിച്ചു. മുന്‍പും സമാനമായ നിലയില്‍ പ്രഭാകര്‍ കമ്പനിയെ കബളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്വേഷണത്തിലാണ് ഗൂഡാലോചന പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates