

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ വിചിത്രമായ മോഷണക്കേസില്‍ 19കാരന്‍ പൊലീസ് പിടിയില്‍. ആഡംബര എസ്‌യുവിയായ മഹീന്ദ്ര ഥാര്‍ വാങ്ങുന്നതിനായി സ്വന്തം അമ്മാവന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സമര്‍ ചവാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. താന്‍ കവര്‍ന്ന സ്വര്‍ണം വിറ്റ് കാറുവാങ്ങിയ ശേഷം, വാഹനത്തിന്റെ പൂജയ്ക്കായി ഇരയായ അമ്മാവനെ തന്നെ അതിഥിയായി ക്ഷണിച്ചതാണ് പ്രതിക്ക് വിനയായത്.
കോലാപൂര്‍ ജില്ലയിലെ പന്‍ഹാല താലൂക്കിലുള്ള സാത്വെ ഗ്രാമത്തിലാണ് സംഭവം. സമര്‍ ചവാന്‍ തന്റെ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ വീട്ടില്‍ നിന്ന് ഒരു മാസം മുമ്പാണ് സ്വര്‍ണം മോഷ്ടിച്ചത്. ഉമേഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 21 പവനിലേറെ (175 ഗ്രാം) സ്വര്‍ണാഭരണങ്ങളാണ് സമര്‍ കൈക്കലാക്കിയത്. പിന്നീട് ഈ സ്വര്‍ണം സമീപത്തെ ജ്വല്ലറി ഉടമയ്ക്ക് 10 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ചാണ് യുവാവ് മഹീന്ദ്ര ഥാര്‍ എസ്‌യുവി സ്വന്തമാക്കിയത്.
പുതിയ വാഹനം വാങ്ങിയ സന്തോഷത്തില്‍ സമര്‍ ഗ്രാമത്തില്‍ പൂജ സംഘടിപ്പിച്ചു. അമ്മാവന്‍ ഉമേഷ് ചവാനെയും കുടുംബത്തെയുമാണ് വാഹന പൂജയിലേക്ക് സമര്‍ മുഖ്യാതിഥിയായി വിളിച്ചത്. ചടങ്ങിന് പുറപ്പെടും മുമ്പ് വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാനായി ഉമേഷ് ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന അമ്മൂമ്മയുടെ സ്വര്‍ണം സുരക്ഷിതമായി അവിടെത്തന്നെ ഉണ്ടായിരുന്നു. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. ഇത് കുടുംബത്തെയും വീടിനേക്കുറിച്ചും നന്നായി അറിയാവുന്ന ആരെങ്കിലും ചെയ്ത മോഷണമാണെന്ന് സംശയമുണ്ടാക്കി.
തുടര്‍ന്ന് ഉമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസിന്, തൊഴിലോ സ്ഥിര വരുമാനമോ ഇല്ലാത്ത സമര്‍ എങ്ങനെ പെട്ടെന്ന് വിലകൂടിയ വാഹനം വാങ്ങിയെന്ന കാര്യത്തില്‍ സംശയം തോന്നി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലും ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചതിലും സമര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വര്‍ണം നല്‍കിയ ജ്വല്ലറി ഉടമ സംഗ്രാം മോറെയെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വര്‍ണവും പ്രതികള്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates