

ചെന്നൈ: മണിപ്പൂര്‍ വിഷയം കത്താന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും അവിടെ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിലെ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ സമയമുള്ള പ്രധാനമന്ത്രി മണിപ്പൂരിനെ കണ്ടില്ലെന്നു വയ്ക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ശ്രദ്ധ രാഷ്ട്ര നിര്‍മാണത്തില്‍ മാത്രമാണെന്ന് കോണ്‍ക്ലേവില്‍ അഭിപ്രായപ്പെട്ട ജാജ്പൂര്‍ എംപി ഡോ. ആര്‍ എന്‍ ബെഹ്‌റയ്ക്ക് മറുപടി നല്‍കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
ഡോ.അംബേദ്കറിനോടുള്ള ബിജെപിയുടെ ബഹുമാനത്തെയും സംവരണത്തോടുള്ള പാര്‍ട്ടിയുടെ പിന്തുണയെയും കുറിച്ച് ബെഹ്‌റ സംസാരിച്ചു. ജാതി സെന്‍സസിനെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോണ്‍ഗ്രസ് ഭരണകാലത്ത് ജാതി സെന്‍സസ് നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. പ്രതിപക്ഷത്തിന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നതല്ലാതെ മറ്റൊരു അജണ്ടയില്ലെന്ന് ബെഹ്‌റ ആരോപിച്ചു. സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ആദ്യമായി എംപിമാരാകുന്നവര്‍ നേരിടുന്ന വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ അധ്യക്ഷയായ പാനല്‍ ചര്‍ച്ചയില്‍ ഇന്നര്‍ മണിപ്പൂര്‍ എംപി അംഗോഞ്ച ബിമോള്‍ അകോയിജാം, ജാജ്പൂര്‍ എംപി ഡോ ആര്‍ എന്‍ ബെഹ്‌റ, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുത്തു. മണിപ്പൂര്‍ അക്രമം, ജാതി സെന്‍സസ്, അംബേദ്കറെക്കുറിച്ചുള്ള വിവാദങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
അംബേദ്കര്‍ക്ക് ബിജെപി ഭാരതരത്‌ന നല്‍കിയെന്ന് അവകാശപ്പെട്ടപ്പോള്‍ വി പി സിങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാരാണ് അവാര്‍ഡ് നല്‍കിയതെന്ന് പറഞ്ഞുകൊണ്ട് ജോണ്‍ ബ്രിട്ടാസ് എതിര്‍ത്തു. ജനാധിപത്യ പ്രക്രിയകളെ തകര്‍ക്കാനുള്ള എഐയുടെ കഴിവിനെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് ആശങ്ക പ്രകടിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates