

ചെന്നൈ: ധീരത, ഭാവന, സത്യസന്ധത എന്നിവയില്‍ ഊന്നിക്കൊണ്ട് തൂലിക ചലിപ്പിച്ച എഴുത്തുകാര്‍ക്കുള്ള ആദരമാണ് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ എന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് കുമാര്‍ സൊന്താലിയ. രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്‍ പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചടിക്കപ്പെടുന്ന വാക്കുകളുടെ ശക്തിയില്‍ ഉറച്ച് വിശ്വസിച്ചിരുന്ന വ്യക്തിയാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാംനാഥ് ഗോയങ്ക എന്നും മനോജ് കുമാര്‍ സൊന്താലിയ അനുസ്മരിച്ചു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
വാര്‍ത്തകളെ വഹിക്കുന്ന വാഹനമായല്ല രാംനാഥ് ഗോയങ്ക പത്രങ്ങളെ കണ്ടത്. അച്ചടിച്ച വാക്കിന്റെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ആശയങ്ങളുടെ എഞ്ചിനായും മാറ്റത്തിന്റെ ഉപകരണമായുമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 'രാംനാഥ് ഗോയങ്കയെ സംബന്ധിച്ചിടത്തോളം, സാഹിത്യം ഒരു രാഷ്ട്രത്തിന്റെ ആത്മാവായിരുന്നു'. സാഹിത്യം ചരിത്രത്തെ രേഖപ്പെടുത്തുകയും വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുകയും ഭാവിയെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജീവിതത്തെയും ജനാധിപത്യ വ്യവഹാരങ്ങളെയും സമ്പന്നമാക്കുന്ന എഴുത്തിനെ അംഗീകരിച്ചുകൊണ്ട് ഈ ദര്‍ശനം മുന്നോട്ട് കൊണ്ടുപോകാനാണ് സാഹിത്യ സമ്മാന്‍ ശ്രമിക്കുന്നത് എന്നും മനോജ് കുമാര്‍ സൊന്താലിയ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിലും ആഴമേറിയ സംവാദങ്ങള്‍ക്കും സാഹിത്യം വഹിക്കുന്ന നിര്‍ണായക പങ്കിന്റെ ഉദാഹരണമാണ് ചടങ്ങിലെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യം എന്നും സൊന്താലിയ പറഞ്ഞു. എഴുത്തുകാര്‍ സമൂഹത്തിന്റെ 'ചരിത്രകാരന്മാരും മനസ്സാക്ഷി സൂക്ഷിപ്പുകാരുമാണ്. ക്ഷണികമായ സോഷ്യല്‍ മീഡിയ ഉള്ളടക്കം പൊതുജനശ്രദ്ധയില്‍ ആധിപത്യം സ്ഥാപിക്കുന്ന സമയത്ത്, സാഹിത്യം മനുഷ്യരുടെ ആഴത്തിലുള്ള അനുഭവങ്ങളുടെ സംഭരണിയായി തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates