'മൂന്ന് കുട്ടികളെങ്കിലും വേണം, വിവാഹം സമൂഹത്തിനോടുള്ള കടമ; പൗരന്മാര്‍ രാജ്യത്തിന്റെ കണ്ണും കാതുമായിരിക്കണം'

ജനസംഖ്യ അസുന്തലിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍ ജനനനിരക്ക്, മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.
RSS chief Mohan Bhagwat
മോഹന്‍ ഭാഗവത്
Updated on
2 min read

മുംബൈ: ഇന്ത്യയുടെ കരുത്ത് ഭരണഘടനാ മൂല്യങ്ങളില്‍ മാത്രമല്ല, സമൂഹത്തിന്റെ ജാഗ്രതയിലും പരമ്പരാഗത മൂല്യങ്ങളിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാമൂഹിക സന്തുലിതാവസ്ഥയും ആരോഗ്യവും നിലനിര്‍ത്താന്‍ മൂന്നുകുട്ടികളുള്ള കുടുംബമാതൃകയാണ് വേദഗ്രന്ഥങ്ങളും വൈദ്യശാസ്ത്ര നിരീക്ഷണങ്ങളും വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാഹമെന്നത് കേവലം ശാരീരകമായ ബന്ധത്തിനുള്ള സമ്മതം മാത്രമല്ല, അതൊരു സാമൂഹിക കടമകൂടിയാണ്. ജനസംഖ്യ അസുന്തലിതാവസ്ഥയുടെ പ്രധാന കാരണങ്ങള്‍ ജനനനിരക്ക്, മതപരിവര്‍ത്തനം, നുഴഞ്ഞുകയറ്റം എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്‍മാര്‍ രാജ്യത്തിന്റെ കണ്ണും കാതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ആര്‍എസ്എസ് സ്ഥാപിതമായതിന്റെ 100-ാം വാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

RSS chief Mohan Bhagwat
ചാരവൃത്തി തടയാന്‍ ഡിജിറ്റല്‍ പ്രോട്ടോകോള്‍, സമഗ്ര പദ്ധതിയുമായി കേന്ദ്രം

ഇന്ത്യയുടെ ജിഡിപി നിര്‍ണയം അപൂര്‍ണമാണെന്നും മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. വില്‍ക്കലും വാങ്ങലും പോലെ പ്രത്യക്ഷത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജിഡിപി വളര്‍ച്ച നിര്‍ണയിക്കാന്‍ കണക്കാക്കുന്നത്. ''എനിക്ക് രൂപയും ജിഡിപിയും തമ്മിലെ ബന്ധമൊന്നും അറിയില്ല. ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അനുപാതമായിരിക്കാം രൂപയുടെ അടിസ്ഥാനം. രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക അവസ്ഥ ജിഡിപി വളര്‍ച്ചാനിരക്കില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല'', അദ്ദേഹം പറഞ്ഞു.

RSS chief Mohan Bhagwat
ചാരവൃത്തി തടയാന്‍ ഡിജിറ്റല്‍ പ്രോട്ടോകോള്‍, സമഗ്ര പദ്ധതിയുമായി കേന്ദ്രം

ജിഡിപി നിര്‍ണയം അപ്പോള്‍ ശരിയല്ല. അതു നമ്മള്‍ മെച്ചപ്പെടുത്തണം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അവര്‍ മാര്‍ക്കറ്റില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നു. അവിടെ വില്‍ക്കലും വാങ്ങലും നടക്കുന്നു. അതാണ് അവരുടെ ജിഡിപി നിര്‍ണയം. ഇന്ത്യയില്‍ നമ്മുടെ അമ്മമാര്‍ വീടുകളില്‍ ഭക്ഷണം ഉണ്ടാക്കിയാണ് മക്കള്‍ക്കും മറ്റും കൊടുക്കുന്നത്. അക്കാര്യം ജിഡിപിയില്‍ പരിഗണിക്കുന്നുണ്ടോ? - മോഹന്‍ ഭഗവത് ചോദിച്ചു.

അമ്മമാരുടെ ഈ പ്രയത്‌നം ഉള്‍പ്പെടെ സ്വയംപര്യാപ്തതയും രാജ്യത്തെ ഉയര്‍ന്ന ഉല്‍പാദനവുമെല്ലാം പരിഗണിക്കാതെ എങ്ങനെ ജിഡിപിക്കണക്ക് പൂര്‍ണമാകുമെന്നും ആര്‍എസ്എസ് മേധാവി ചോദിച്ചു. ഇന്ത്യയുടെ യഥാര്‍ഥ ജിഡിപി മനസ്സിലാക്കണമെങ്കില്‍ ഇതൊക്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ ജിഡിപി നിര്‍ണയത്തില്‍ കൂട്ടിച്ചേര്‍ത്താല്‍ വളര്‍ച്ചനിരക്ക് ഉയരും, രൂപയും ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു എന്നത് ഒരു മതപരമായ വ്യക്തിത്വമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നാഗരികമായ സത്തയെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു എന്നത് ഒരു നാമമല്ലെന്നും ഇന്ത്യയുടെ സാംസ്കാരിക സ്വഭാവത്തെ വിവരിക്കുന്ന ഒരു വിശേഷണമാണ്. നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ ഈ സ്വഭാവം നിങ്ങളിൽ അന്തർലീനമാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെട്ട മോഹൻ ഭാഗവത് ഇന്ത്യയുടെ ആഗോള നേതൃത്വം രൂപപ്പെടുന്നത് വെറും വാചകക്കസർത്തിലൂടെയല്ല മറിച്ച് മാതൃകകളിലൂടെയായിരിക്കുമെന്നും പറഞ്ഞു.

രാജ്യത്തെ ഹിന്ദുക്കളെ അദ്ദേഹം നാല് വിഭാഗങ്ങളായി തരംതിരിച്ചു. തങ്ങളുടെ ഹിന്ദു ഐഡന്റിറ്റി അഭിമാനപൂർവ്വം പരസ്യമായി പ്രഖ്യാപിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. തങ്ങൾ ഹിന്ദുവാണെന്ന് സമ്മതിക്കുന്നവരും എന്നാൽ അതിൽ പ്രത്യേകിച്ച് ഒന്നും കാണാത്തവരുമാണ് രണ്ടാമത്തെ കൂട്ടർ. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് രഹസ്യമായി മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മൂന്നാം വിഭാഗമെങ്കിൽ, സ്വന്തം ഹിന്ദു ഐഡന്റിറ്റി മറന്നുപോയവരോ അല്ലെങ്കിൽ അത് മറക്കാൻ നിർബന്ധിതരായവരോ ആണ് നാലാമത്തെ വിഭാഗമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം സ്വീകരിക്കുന്നതിലൂടെ ആരും തങ്ങളുടെ വിശ്വാസമോ ഭാഷയോ ആചാരങ്ങളോ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഭാഗവത് പറഞ്ഞു. ഹിന്ദുത്വം അംഗീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും അത് സുരക്ഷിതത്വത്തിന്റെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആളുകൾക്ക് വിശ്വാസത്തിലോ ഭക്ഷണരീതിയിലോ ഭാഷയിലോ വ്യത്യാസമുണ്ടാകാമെങ്കിലും ഒരു സമൂഹമെന്ന നിലയിലും രാഷ്ട്രമെന്ന നിലയിലും അവർ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ ഇതിനെ ഹിന്ദുത്വമെന്ന് വിളിക്കുന്നു, നിങ്ങൾക്ക് ഇതിനെ ഭാരതീയത എന്ന് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Summary

"Marriage A Social Duty, Not Just Consent": RSS Chief On 3-Child Philosophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com