'പുതിയ തലമുറ അക്ഷമരാണ്, വാട്ട്സ്ആപ്പില്‍ പങ്കുവെക്കുന്നതെന്തും അറിവായിട്ടാണ് കണക്കാക്കുന്നത് ': ഹണിമൂണ്‍ കൊലക്കേസില്‍ സുപ്രീംകോടതി

ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സോനം രഘുവംശി
സുപ്രീം കോടതി
സുപ്രീംകോടതി File
Updated on
2 min read

ന്യൂഡല്‍ഹി: മാറിയ സമൂഹത്തില്‍ സോനം രഘുവംശിയുടേത് പോലുള്ള കേസുകള്‍ സംഭവിക്കാന്‍ സാധ്യതയേറെയാണെന്ന് സുപ്രീംകോടതി. ഇപ്പോഴത്തെ തലമുറ നമ്മളെക്കാള്‍ അറിവുള്ളവരാകാമെങ്കിലും, മാനസിക സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാണെന്ന് ജസ്റ്റിസ് എംഎം സുന്ദരേശ്, ജസ്റ്റിസ് പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2025ല്‍ ഹണിമൂണ്‍ യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സോനം രഘുവംശി. സോനത്തിന് അനുവദിച്ച ജാമ്യം റദ്ദാക്കുകയും മൂന്ന് ആഴ്ചയ്ക്കകം കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ പ്രതിയെ, ഭര്‍ത്താവ് രാജ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് 23ന് മേഘാലയയിലെ സോഹ്‌റയില്‍ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ 2നാണ് രാജയുടെ മൃതദേഹം കൊക്കയില്‍ നിന്ന് കണ്ടെത്തിയത്. പണം നല്‍കി ഏര്‍പ്പാടാക്കിയ അക്രമികളുമായി ചേര്‍ന്ന് സോനം ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

'മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. ആധുനിക തലമുറ അക്ഷമരാണ്. പ്രശ്‌നങ്ങള്‍ക്ക് വേഗത്തിലുള്ള പരിഹാരമാണ് അവര്‍ ആഗ്രഹിക്കുന്നത്. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ ഇനിയും വരും' -ജസ്റ്റിസ് സുന്ദരേശ് പറഞ്ഞു. സോഷ്യല്‍ മീഡിയ കാരണം നിലവിലെ തലമുറയ്ക്ക് കൂടുതല്‍ കാര്യങ്ങളറിയാം, എന്നാല്‍ അവര്‍ക്ക് യഥാര്‍ഥ അറിവില്ല എന്ന് മേഘാലയ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇന്നത്തെ കാലത്ത് വാട്ട്സ്ആപ്പില്‍ പങ്കുവെക്കുന്നതെന്തും അറിവായിട്ടാണ് കണക്കാക്കുന്നതെന്ന് ജസ്റ്റിസ് വരാലെയും അഭിപ്രായപ്പെട്ടു.

'ഭര്‍ത്താവ് ബോഡിഗാര്‍ഡുകളുമായി ഹണിമൂണിന് പോകുന്ന ഹാസ്യ റീലുകള്‍ പോലുമുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരാകുന്ന ആണും പെണ്ണും തമ്മിലുള്ള വിശ്വാസവും ബന്ധവും കുറഞ്ഞുവരികയാണ്. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതി ഇത്തരം ബന്ധങ്ങളെ സംരക്ഷിച്ചിരുന്നു. അണുകുടുംബ വ്യവസ്ഥ കാരണം വിഷാദരോഗം വര്‍ധിച്ചുവരുന്നതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുണ്ട്' -മേത്ത പറഞ്ഞു. ഈ പ്രസ്താവനയോട് യോജിച്ച ബെഞ്ച്, കൂട്ടുകുടുംബം നല്ലതാണെന്ന് നിരീക്ഷിച്ചു. 'നിങ്ങള്‍ ഒരു കൂട്ടുകുടുംബത്തിലെ അംഗമാണെങ്കില്‍, സഹിക്കാനും പൊരുത്തപ്പെടാനും പഠിക്കും. എന്നാല്‍ അണുകുടുംബത്തില്‍, ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ കരയും. ആഗ്രഹിച്ച കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ അസ്വസ്ഥരാകും.'

'കുട്ടികള്‍ അമ്മാവന്മാരില്‍ നിന്നും അമ്മായിമാരില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നുമാണ് കാര്യങ്ങള്‍ പഠിക്കുന്നത്. അടുത്തിടെ ഒരു ഹോട്ടലില്‍ ഒരു കുട്ടി കരയുന്നത് കണ്ടു, ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കി, കുട്ടി കരച്ചില്‍ നിര്‍ത്തി. ഇതാണ് ഏറ്റവും വലിയ പ്രശ്‌നം. വികാരങ്ങള്‍ക്ക് പകരം അവര്‍ നല്‍കുന്നത് ഗാഡ്ജെറ്റുകളാണ്.' ഇന്നത്തെ തലമുറയുടെ മനസ്സ് വളരെ വേഗത്തില്‍ മാറുന്ന ഒന്നാണെന്നും ചെറിയ കാര്യങ്ങള്‍ക്ക് പോലും അവര്‍ പെട്ടെന്ന് പ്രകോപിതരാകുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി
സിജെപി സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മൗനവ്രതം
സുപ്രീം കോടതി
അന്ന് ഹീറോ, ഇന്നോ? ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ '97ല്‍ പ്രതിഷേധം നയിച്ച ധര്‍മേന്ദ്ര പ്രധാന്‍
സുപ്രീം കോടതി
'എപ്പോള്‍ വേണമെങ്കിലും എത്ര സമയവും ചര്‍ച്ച നടത്താം'; സിജെപിയെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം
Summary

Modern-day generation is restless, wants quick solution to problems: SC in Sonam Raghuvanshi case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com